ഋഷഭ് പന്തിന്റെ ശസ്‌ത്രക്രിയ വിജയം; താരം നിരീക്ഷണത്തിലെന്ന് ആശുപത്രി അധികൃതർ

Saturday 07 January 2023 3:59 PM IST

ന്യൂഡൽഹി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മുംബയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ കാൽമുട്ടിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും ഋഷഭ് പന്ത് നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഡിസംബർ മുപ്പതിന് പുലർച്ചെ ഡൽഹി – ഡെറാഡൂൺ ഹൈവേയിൽ ഹരിദ്വാറിലുണ്ടായ വാഹനാപകടത്തിലാണ് ഋഷഭ് പന്തിന് പരിക്കേറ്റത്. കാർ ഡിവൈഡറിലിടിച്ച് മറുഭാഗത്തെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാർ പൂർണമായും കത്തിയമർന്നു. വൻ അപകടത്തിൽനിന്ന് അത്ഭുതകരമായിട്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്.


ഡെറാഡൂണിലെ ആശുപത്രിയിലായിരുന്നു ഋഷഭ് പന്തിനെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് അവിടെ നിന്ന് മുംബയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.