ദേശീയ മാനേജ്മെന്റ് കൺവെൻഷൻ കൊച്ചിയിൽ

Sunday 08 January 2023 2:30 AM IST

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ മാനേജ്മെന്റ് കൺവെൻഷൻ 12, 13 തീയതികളിൽ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കും. 'വരുംതലമുറ ആശയവിനിമയം: സ്ഥാപനങ്ങളിലെ സ്വാധീനം" എന്നതാണ് കൺവെൻഷന്റെ ചർച്ചാവിഷയം.

12ന് വൈകിട്ട് 5.45ന് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീപ് അഹമ്മദ്, എച്ച്.എൽ.എൽ ലൈഫ് കെയർ സി.എം.ഡി ബെജി ജോർജ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഇക്യൂബ് ഇൻവെസ്റ്റ്മെന്റ് സർവീസ് ചെയർമാൻ മുകുന്ദ് രാജൻ, ഐ.ബി.എസ്. ചെയർമാൻ വി.കെ. മാത്യൂസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

രണ്ടാംദിവസമായ 12ന് ആരോഗ്യപരിരക്ഷ, ധനകാര്യ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഈ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ബിസിനസ് രംഗത്തുള്ളവർക്ക് പരസ്പരസഹകരണം ലക്ഷ്യമിട്ട് കൂടിക്കാഴ്ചകൾക്കും അവസരം ഒരുക്കിയിട്ടുണ്ടെന്ന് കെ.എം.എ പ്രസിഡന്റ് നിർമ്മല ലില്ലി, സീനിയർ വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.