അക്ഷരങ്ങളുടെ കാവലാളിന് അക്ഷരായനം പുരസ്കാരം

Sunday 08 January 2023 12:35 AM IST

കൊച്ചി: കാൽ നൂറ്റാണ്ടായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെ ലൈബ്രറേറിയനായ മഹേശ്വരി ഇന്ദുകുമാറിന് ജില്ലയിലെ മികച്ച ലൈബ്രറേറിയനുള്ള അക്ഷരായനം പുരസ്‌കാരം. ജില്ലയിലെ മുൻനിര ലൈബ്രറികളിലൊന്നായ ചങ്ങമ്പുഴ ഗ്രന്ഥശാലയുടെ നെടുംതൂണാണ് മഹേശ്വരി.

കാൽനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തും സാഹിത്യാഭിരുചിയും അക്ഷരലോകത്ത് മഹേശ്വരിയെ വ്യത്യസ്തയാക്കുന്നു. ലൈബ്രറിയിലെ അരലക്ഷത്തോളം പുസ്തകങ്ങളെ കൈകാര്യം ചെയ്യുന്നതിലെ മിടുക്കും ജനങ്ങളോട് ഇടപെടുന്നതിലെ വൈഭവവുമാണ് ഈ ലൈബ്രറേറിയനെ വായനക്കാർക്ക് പ്രിയങ്കരിയാക്കുന്നത്.

ലൈബ്രറി കലാവേദിയിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും സംയോജിപ്പിക്കുന്നതിലും പരാതികളില്ലാതെ ക്ളാസുകളും ലൈബ്രറിയുടെ മറ്റ് പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിലും പ്രധാന പങ്കുവഹിക്കുന്ന മഹേശ്വരി പൊതുപ്രവർത്തനങ്ങളിലും സജീവമാണ്. പൊതുലൈബ്രറികളിൽ അപൂർവയിടങ്ങളിൽ മാത്രമാണ് വനിതകൾ ലൈബ്രറേറിയന്മാരായി പ്രവർത്തിക്കുന്നത്.

കൊവിഡ് കാലത്ത് ലോക്ക്ഡൗൺ വേളയിലൊഴികെ ചങ്ങമ്പുഴ ലൈബ്രറി തുറന്ന് പ്രവർത്തിച്ചു. ഇക്കാലത്തും 2018ലെ പ്രളയകാലത്തും ലൈബ്രറിയുടെ സേവന പ്രവർത്തനങ്ങളിലും മഹേശ്വരി മുന്നിലുണ്ടായിരുന്നു.

അമേച്വർ നാടകരംഗത്തെ പ്രതിഭാസമ്പന്നനായിരുന്ന പ്രശസ്ത നാടകരചയിതാവും സംവിധായകനുമായിരുന്ന പരേതനായ ടി.എ.ഇന്ദുകുമാറിന്റെ ഭാര്യയാണ് മഹേശ്വരി. ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. ചാരുനിർമ്മലാണ് മകൻ.

ആഗോള ഓൺലൈൻ കൂട്ടായ്മയായ അക്ഷരായനത്തിന്റെ പ്രഥമ പുരസ്കാരമാണിത്. ജനുവരി 26 ന് തൃശൂരിൽ നടക്കുന്ന അക്ഷരായനത്തിന്റെ ആറാം വാർഷിക ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.