ഉപ്പയുടെ കാൻസർ പോരാട്ടം പകർത്തി നിഷാദ്

Sunday 08 January 2023 12:26 AM IST

കൊച്ചി: ബാപ്പയുടെ കാൻസർ അതിജീവന പോരാട്ടം തന്റെ കാമറ കണ്ണുകളിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കുകയാണ് നിഷാദ് ഉമ്മർ. രോഗം സർവസാധാരമാണെങ്കിൽ പോലും സഹതാപത്തോടെ നോക്കുന്നവരോട് നിഷാദിനുള്ള മറുപടിയാണ് തന്റെ ബാപ്പയുടെ ചിത്രങ്ങൾ. കാൻസറിനെ സർവ സാധാരണമായി കണ്ട് അതിജീവിക്കാൻ കരുത്ത് പകരുകയാണ് പാണാവള്ളി സ്വദേശിയായ 26 കാരൻ.

ബിനാലെയുടെ ഭാഗമായി ഡർബാർ ആർട്ട് ഗാലറിയിലാണ് പ്രദർശനം. 2014 ലാണ് നിഷാദിന്റെ വാപ്പ ഉമ്മറിന് ബ്ലാഡറിൽ കാൻസർ ആണെന്ന് തിരിച്ചറിയുന്നത്. പ്രവാസിയായിരുന്ന ഉമ്മർ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാൻസറാണെന്ന് അറിയുന്നത്. അന്ന് മുതൽ വാപ്പയുടെ ഫോട്ടോസ് നിഷാദ് എടുത്തിരുന്നെങ്കിലും നാളുകൾക്ക് ശേഷം ഗൗരവമായി ഫോട്ടോകൾ എടുത്ത് തുടങ്ങി. രോഗം സ്ഥിരീകരിക്കുന്നതും ചികിത്സാ കാലഘട്ടവുമെല്ലാം കാമറയിലും സ്മാർട്ട് ഫോണിലും പകർത്തി.

രോഗം സ്ഥിരീകരിച്ച് നാല് വർഷത്തിന് ശേഷം 2019 ൽ പിതാവ് വിട പറഞ്ഞു. ഈ കാലഘട്ടത്തിൽ വാപ്പയോടൊപ്പം തന്റെ കുടുംബം കടന്നുപോയ വിവിധ ഘട്ടങ്ങളടങ്ങിയ 224 ചിത്രങ്ങളാണ് പ്രദ‌ർശനത്തിലുള്ളത്. പിതാവിന്റെ 3500 ഓളം ചിത്രങ്ങൾ 5 വർഷകാലത്തിനുള്ളിൽ നിഷാദ് എടുത്തിരുന്നു. ഇതിൽ നിന്നാണ് 224 ചിത്രങ്ങൾ എടുത്തത്.

രോഗം തിരിച്ചറിഞ്ഞ സമയം, കീമോ കാലഘട്ടം, ആശുപത്രി, വീണ് കാലോടിഞ്ഞ് കിടപ്പിലായ സമയം, വീൽചെയറിലേക്ക് മാറിയ ഘട്ടം, ഭാര്യയ്ക്കൊപ്പവും ചെറുമകനുമായും ചെലവഴിക്കുന്ന നിമിഷങ്ങൾ, ആശുപത്രി രേഖകൾ, ബീച്ചിലൂടെയുള്ള യാത്രകൾ, മരണം എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്.

ഒരു രോഗിയെ നോക്കി "അയ്യോ" എന്നൊരു വാക്ക് ഒരാൾ പറഞ്ഞാൽ അത് അവരെ വലിയ രീതിയിൽ അവരെ തകർക്കും. അതുണ്ടാവരുത്. അത് മനസിലാക്കാനും കാൻസറിനെ ഒരു സാധാരണ രോഗമായി കാണണമെന്ന ചിന്തയുമാണ് ചിത്രപ്രദർശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും നിഷാദ് പറയുന്നു. മീഡിയ അക്കാഡമിയിൽ നിന്ന് ഫോട്ടോ ജേ‌ർണലിസം പാസായ നിഷാദ് ഇപ്പോൾ ഫ്രീൻലാൻസറായി ജോലി നോക്കുകയാണ്. നിഷാദിന്റെ ആദ്യ ചിത്രപ്രദർശനമാണിത്. കൊവിഡ്, വെള്ളപ്പൊക്കം എന്നിവയുടെ ചിത്രപ്രദർശനം നടത്താൻ ആഗ്രഹമുണ്ടെന്ന് നിഷാദ് പറയുന്നു. ജുമൈലത്താണ് മാതാവ്.