ആനക്കെണിയിലെ ആണികൾ നീക്കി

Sunday 08 January 2023 12:37 AM IST

കൊച്ചി: കാട്ടാനയെ മരണത്തിലേയ്ക്ക് തള്ളിവിടുന്ന രീതിയിൽ കോടനാട് പാണംകുഴിയിലെ സ്വകാര്യ ഭൂമിയിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ച ആണികൾ ഇന്നലെ നീക്കം ചെയ്തു. കേരളകൗമുദി വാർത്തയെ തുടർന്ന് മലയാറ്റൂർ ഡി.എഫ്.ഒ. രവികുമാർ മീണ ഇടപെട്ട ശേഷമാണ് ആണികൾ ഇന്നലെ മുറിച്ചു മാറ്റിയത്. എങ്കിലും മുറിച്ചു കളഞ്ഞ ആണിയുടെ ബാക്കി ഭാഗം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

വിനോദസഞ്ചാര മേഖലയായ പാണംകുഴികടവിന് സമീപം വനാതിർത്തിയിൽ പെരിയാറിന്റെ തീരത്ത് ഒരേക്കറിലുള്ള റിസോർട്ടിന് ചുറ്റുമാണ് ഒന്നര മീറ്റർ വീതിയിൽ ഭൂനിരപ്പിൽ കോൺക്രീറ്റ് ഇട്ടശേഷം നാലിഞ്ച് നീളമുള്ള മൂർച്ചയേറിയ ഇരുമ്പാണികൾ പാകിയിരുന്നത്.

വിദേശ മലയാളിയായ ഡോക്ടറുടെ സ്ഥലമാണിത്. ഇയാൾ നാട്ടിൽ വരുമ്പോൾ താമസിക്കാനായി നിർമ്മിച്ചതാണ് റിസോർട്ട്. കാട്ടാനകൾ ഇറങ്ങുന്ന മേഖലയാണിത്. വൈദ്യുതി വേലി ഫലവത്താകാത്തതിനാലാണത്രെ ഈ ക്രൂരതയ്ക്ക് മുതിർന്നത്. സ്വകാര്യ ഭൂമിയിലാണെങ്കിൽ പോലും ഇത്തരം കെണികൾ ഒരുക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റമാണ്.

വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷൻ കോടനാട് റേഞ്ചിൽ ഉൾപ്പെട്ടതാണ് ഈ മേഖല. എന്നാൽ ഇവിടം തങ്ങളുടെ അധികാര പരിധിയിലല്ലെന്നും എറണാകുളം സോഷ്യൽ ഫോറസ്ട്രിയുടെ എൻ.എസ്.സി ഡിവിഷന്റെ കീഴിലാണെന്നും നാട്ടുകാരൻ കൂടിയായ കോടനാട് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു.

ഇക്കാര്യം സോഷ്യൽ ഫോറസ്ട്രി അധികൃതർ നിഷേധിച്ചു. നാലിഞ്ച് നീളത്തിലെ ആണി കാലിൽ കയറിയാൽ അണുബാധയേറ്റ് നരകിച്ച് ആനകൾ ചരിയാൻ ഇടവരുന്ന ആനക്കെണി നിർമ്മിച്ച റിസോർട്ടിനോ ഉടമയ്ക്കോ ഇന്നലെ വരെ വനംവകുപ്പ് നോട്ടീസൊന്നും നൽകിയിട്ടില്ല. വാക്കാലുള്ള നിർദ്ദേശത്തെ തുടർന്നാണ് ഇത് നീക്കം ചെയ്തത്.