പരിശീലനക്കളരി സംഘടിപ്പിച്ചു

Sunday 08 January 2023 12:24 AM IST
കേരള സ്കൂൾ ഓഫ് മാത്തമറ്റിക്സും കുന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി വിദ്യാർത്ഥികൾക്കുള്ള പരിശീലനകളരി പി.ടി.എ.റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേരള സ്കൂൾ ഓഫ് മാത്തമറ്റിക്സിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി പരിശീലനകളരി സംഘടിപ്പിച്ചു. അക്കാദമിക് മികവ് ലക്ഷ്യം വെച്ചു കൊണ്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്താണ് പരിശീലനം സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 8, 9 ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പരിശീലനക്കളരിയിൽ കേരളത്തിലെ പ്രശസ്തരായ അദ്ധ്യാപകർ നേതൃത്വം നൽകും. തെരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. പരിശീലനക്കളരിയുടെ ഉദ്ഘാടനം പി.ടി.എ.റഹീം എം.എൽ.എ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, സ്കൂൾ ഓഫ് മാത്തമറ്റിക്സ് ഡയറക്ടർ കല്യാൺ ചക്രബർത്തി, പഞ്ചായത്ത് സെക്രട്ടറി ഇന്ദു, മെമ്പർമാരായ കെ.സുരേഷ് ബാബു, എം.ധർമ്മരത്നൻ, നജീബ് പാലക്കൽ, ക്യാമ്പ് കോർഡിനേറ്റർ പി.മുരളിധരൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ സ്വാഗവും ഡോ.അഖിലേഷ് നന്ദിയും പറഞ്ഞു.