എണ്ണക്കമ്പനികൾക്ക് പെട്രോളിന് ₹10 ലാഭം; ഡീസലിന് ₹6.5 നഷ്ടം

Sunday 08 January 2023 3:49 AM IST

കൊച്ചി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി)​,​ ഭാരത് പെട്രോളിയം (ബി.പി.സി.എൽ)​,​ ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ)​ എന്നിവ ഇപ്പോൾ പെട്രോൾ വിൽക്കുന്നത് ലിറ്ററിന് 10 രൂപ ലാഭത്തോടെയെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ലിറ്ററിന് 6.5 രൂപ നഷ്‌ടത്തോടെയാണ് ഡീസൽ വില്പന.

2022 മേയ് മുതൽ എണ്ണവിതരണക്കമ്പനികൾ പെട്രോൾ,​ ഡീസൽ വില പരിഷ്‌കരിച്ചിട്ടില്ല. കഴിഞ്ഞ മേയിൽ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്)​ ബാരലിന് 107 ഡോളറിനടുത്തായിരുന്നു. ഇപ്പോൾ 76.63 ഡോളർ. നാണയപ്പെരുപ്പം പിടിച്ചുനിറുത്താനുള്ള കേന്ദ്രസർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഇന്ധനവിലയും നിലനിറുത്തിയത്.

കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലേറെയായി രാജ്യാന്തര ക്രൂഡോയിൽ വിലയ്ക്ക് അനുസൃതമായി ആഭ്യന്തര പെട്രോൾ,​ ഡീസൽവില പരിഷ്‌കരിക്കാതിരുന്നത് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂടാൻ വഴിയൊരുക്കിയിരുന്നു. മൂന്ന് കമ്പനികളും ഇതുമൂലം സെപ്തംബർപാദത്തിൽ സംയുക്തമായി 21,​201.18 കോടി രൂപയുടെ നഷ്‌ടവും കുറിച്ചു.

കുറയുന്ന നഷ്‌ടം

2022 ജൂണിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ വില്പനയിൽ ലിറ്ററിന് 17.4 രൂപ നഷ്‌ടം കുറിച്ചിരുന്നതാണ് ഇപ്പോൾ 10 രൂപയുടെ ലാഭമായി മെച്ചപ്പെട്ടത്. ഡീസലിലെ നഷ്‌ടം ലിറ്ററിന് 27.7 രൂപയായിരുന്നത് 6.5 രൂപയായും കുറഞ്ഞു.

 കൊവിഡ്,​ റഷ്യ-യുക്രെയിൻ യുദ്ധം എന്നിവമൂലം വിതരണശൃംഖലയിൽ തടസമുണ്ടായതിനാൽ 2022 മാർച്ചിൽ രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് 14 വർഷത്തെ ഉയരമായ 140 ഡോളറിൽ എത്തിയിരുന്നു.

 ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

 രാജ്യത്തെ മൊത്തം ഇന്ധനവില്പനയുടെ 90 ശതമാനവും നിർവഹിക്കുന്നത് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളാണ്.

Advertisement
Advertisement