സാങ്കേതിക വാഴ്സിറ്റി: 55 സ്ഥിരം തസ്തിക ഉടൻ വേണം, സർക്കാരിനെ സമീപിച്ച് വി.സി,

Sunday 08 January 2023 12:07 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറ് പേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കിയതിനു പിന്നാലെ അസിസ്റ്റന്റുമാരുടെ 55 സ്ഥിരം തസ്തിക ആവശ്യപ്പെട്ട് വൈസ്ചാൻസലർ സർക്കാരിനെ സമീപിച്ചു. കേരളകൗമുദി റിപ്പോർട്ടിനെ തുടർന്നായിരുന്നു ഗവർണറുടെ നടപടി.

44 അഫിലിയേറ്റഡ് കോളേജുകളിലായി ഒന്നരലക്ഷം കുട്ടികൾ പഠിക്കുന്ന സാങ്കേതിക സർവകലാശാലയിൽ ആകെ 57സ്ഥിരം ജീവനക്കാരേയുള്ളൂ. പരീക്ഷാ, സാങ്കേതിക വിഭാഗങ്ങളിലും ബിരുദസർട്ടിഫിക്കറ്റുകൾ നൽകാനുമടക്കം 54പേർ ജീവനക്കാരുമുണ്ട്. ഇതിൽ ചിലർ 7വർഷമായി തുടരുന്നു. പരീക്ഷ, ഫലപ്രഖ്യാപനമുൾപ്പെടെ പ്രധാനപ്പെട്ട ചുമതലകളിൽ താത്കാലികക്കാരെ ഒഴിവാക്കണമെന്നാണ് വി.സി പ്രൊഫ.സിസാ തോമസ് ആവശ്യപ്പെട്ടത്.

100 അസിസ്റ്റന്റ് തസ്തിക സർവകലാശാല നേരത്തേ ആവശ്യപ്പെട്ടപ്പോൾ 25 എണ്ണമാണ് അനുവദിച്ചത്. അസിസ്റ്റന്റ് നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. തസ്തിക സർഷ്ടിച്ചാൽ വേഗത്തിൽ നിയമനം നടത്താവുന്നതേയുള്ളൂ. പ്രതിവർഷം 8 കോടി രൂപ ശമ്പളയിനത്തിൽ വാഴ്സിറ്റിക്ക് ചെലവുണ്ട്. സ്വന്തം ഫണ്ടിൽ നിന്നാണ് ഇത് നൽകുന്നത്. കൂടുതൽ തസ്തിക സൃഷ്ടിച്ചാലും സർക്കാരിന് ബാദ്ധ്യതയുണ്ടാക്കാതെ ശമ്പളം വാഴ്സിറ്റി നൽകാമെന്നും വി.സി സർക്കാരിനെ അറിയിച്ചു.

നിയമനം പി.എസ്.സിക്ക് വിടുമെന്നതിനാൽ ചില സിൻഡിക്കേറ്റംഗങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി സ്ഥിരം തസ്തിക തടയുന്നെന്നാണ് ആക്ഷേപം. 32,500രൂപ വരെ ശമ്പളത്തിലാണ് വേണ്ടപ്പെട്ടവരെ കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്.

പിൻവാതിലിലൂടെ

കയറിക്കൂടിയവർ

സിൻഡിക്കേറ്റംഗങ്ങളുടെ അയൽക്കാർ

മുൻമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം

യൂണിയൻ വൈസ്‌പ്രസിഡന്റിന്റെ അളിയൻ

കേരളയിലെ സംഘടനാ നേതാവിന്റെ ഭാര്യ

അവധിയെടുത്ത് രജിസ്ട്രാർ

വി.സി അറിയാതെ നിയമന വിജ്ഞാപനമിറക്കിയതിന് നടപടിയെടുക്കാൻ ഗവർണർ ഉത്തരവിട്ടതിനു പിന്നാലെ രജിസ്ട്രാർ ഡോ. എ.പ്രവീൺ അവധിയെടുത്തു. വിജ്ഞാപനമിറക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാൻ രജിസ്ട്രാർക്ക് വി.സി നോട്ടീസ് നൽകും. സസ്പെൻഡ് ചെയ്യാനുമിടയുണ്ട്.

അസിസ്റ്റന്റുമാരുടെ സ്ഥിരം തസ്തികകൾ അനിവാര്യമാണ്. താഴ്ന്ന തസ്തികകളിൽ കരാർ ജീവനക്കാരുടെ സേവനം തുടർന്നും ഉപയോഗിക്കാം

പ്രൊഫ. സിസാതോമസ്

വൈസ്ചാൻസലർ