നയനയുടെ മരണം ക്രൈം എസ്.പി മധു അന്വേഷിക്കും

Sunday 08 January 2023 12:00 AM IST

തിരുവനന്തപുരം: നഗരത്തിലെ വാടകവീട്ടിൽ സംവിധായിക നയന സൂര്യയെ മാരക മുറിവുകളേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പുതിയ ക്രൈംനമ്പരായി കേസ് രജിസ്റ്റർ ചെയ്തശേഷം ഇന്നോ നാളെയോ മധുവിന് കൈമാറും.

ആദ്യ അന്വേഷണത്തിൽ വീഴ്ച വരുത്തിയ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും മേൽനോട്ടച്ചുമതലയുണ്ടായിരുന്ന കന്റോൺമെന്റ് മുൻ അസി.കമ്മിഷണർക്കുമെതിരെ വകുപ്പുതല അന്വേഷണവും വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും. ജാഗ്രത പുലർത്താത്തതും തെളിവ് ശേഖരിക്കുന്നതിൽ ഗൗരവം കാണിക്കാത്തും കേസിനെ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തൽ. ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയശേഷമാവും നടപടി കൈക്കൊള്ളുക.

2019 ഫെബ്രുവരി 24നാണ് നയനയെ തിരുവനന്തപുരം ആൽത്തറയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമല്ലെന്നും, നയനയ്ക്ക് സ്വയം പരിക്കേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേകതരം മാനസിക രോഗമാണെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

അതേസമയം, നയനയുടെ ശരീരത്തിലെ എട്ട് മുറിവുകളിൽ രണ്ടെണ്ണമാണ് കൊലപാതക സാദ്ധ്യതയായി ഡി.സി.ആർ.ബി അസി. കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. ആന്തരിക രക്ത സ്രാവത്തിന് കാരണമായ അടിവയ​റ്റിലെ ചതവ് ചവിട്ടേ​റ്റതിന്റെ സൂചനയാണ്. കഴുത്തിനും താടിയെല്ലിനുമിടയിൽ കണ്ട മുറിവാണ് മറ്റൊന്ന്. ഇത് കഴുത്ത് ഞെരിച്ചതിന്റെ സൂചനയാണ് നൽകുന്നത്. മൃതദേഹത്തിലെയും മുറിയിലെയും വിരലടയാളങ്ങൾ മ്യൂസിയം പൊലീസ് ശേഖരിച്ചില്ല. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ നയനയെ കണ്ടവരെപ്പറ്റിയോ, ഫോൺവിളി, സാമ്പത്തിക ഇടപാടുകൾ എന്നിവയോ അന്വേഷിച്ചില്ല.

കൊലപാതകമല്ലെന്നതിന് മുഖ്യതെളിവായി പൊലീസ് പറഞ്ഞത് നയന മരിച്ച മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നതാണ്. സാക്ഷിമൊഴികളിൽ അത് തെ​റ്റെന്ന് തെളിഞ്ഞു. സ്വയം മുറിവേൽപ്പിക്കുന്ന മാനസികരോഗമെന്ന നിഗമനത്തിന് ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലില്ല. നയന സ്വയം പരിക്കേൽപ്പിച്ചെന്ന് ഫൊറൻസിക് റിപ്പോർട്ടും സ്ഥിരീകരിക്കുന്നില്ല. മുൻവാതിൽ അടച്ചിരുന്നെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.