ലീഗ് മെമ്പർഷിപ്പിൽ ക്രമക്കേടില്ല: സലാം
Sunday 08 January 2023 12:00 AM IST
മലപ്പുറം: നേമം മണ്ഡലത്തിലെ കളിപ്പാൻകുളം വാർഡിൽ മുസ്‌ലിം ലീഗ് അംഗത്വ വിതരണത്തിൽ ക്രമക്കേട് നടന്നെന്ന വാർത്ത വ്യാജമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഈ വാർഡിൽ അംഗത്വമെടുത്തവരിൽ സിനിമാനടന്മാരടക്കം ഉൾപ്പെട്ടെന്നാണ് വ്യാജമായി നിർമ്മിച്ച സ്‌ക്രീൻ ഷോട്ട് സഹിതം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
പ്രവർത്തകർ വീടുകൾ കയറിയിറങ്ങി അംഗങ്ങളാകാൻ താത്പര്യപ്പെടുന്നവരുടെ വിശദവിവരങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ചാണ് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നത്. ഓരോ വാർഡ് കമ്മിറ്റി കോഓർഡിനേറ്റർക്കും പ്രത്യേക പാസ്‌വേർഡ് നൽകിയിട്ടുണ്ട്. ഫോൺ നമ്പറും ആധാറും അപ്‌ലോഡ് ചെയ്താലെ അംഗത്വം അംഗീകരിക്കൂ. ലീഗ് അഭിമാനകരമായി പൂർത്തിയാക്കിയ അംഗത്വ ക്യാമ്പയിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്.