കോഴിക്കോട്ട് ചാകരക്കാലത്തിന്റെ സന്തോഷം!

Sunday 08 January 2023 12:35 AM IST
കോഴിക്കോട് കടപ്പുറത്ത് വല നെയ്യുന്ന അനിൽകുമാറും സംഘവും

കോഴിക്കോട്: കലോത്സവത്തിൽ കോഴിക്കോട് കപ്പടിച്ചപ്പോൾ ചാകരക്കാലത്തിന്റെ സന്തോഷമാണ് കടപ്പുറത്ത്, മത്തിവലയൊരുക്കുന്ന ആലിയും അബൂബക്കറും കൂട്ടരും ഇന്നലെ പറഞ്ഞതൊക്കെ കലോത്സവ വിശേഷങ്ങൾ.

" പിള്ളേർ പണ്ടത്തെപ്പോലെയൊന്നുമല്ല. ഒന്നിനൊന്ന് മെച്ചാണ് "- രണ്ടുവലകൾ ചേർത്തുവച്ച് നീളമുള്ള സൂചികൊണ്ട് നൂൽകോർത്ത് ഒന്നിപ്പിച്ചശേഷം കോഴിക്കോട് കാമ്പ്രം കാമ്പ്രോസിൽ അനിൽകുമാർ പറഞ്ഞു, അനിൽകുമാറിനൊപ്പം ഒപ്പനയും നാടകവും കാണാൻ പോയ ചെട്ടിതോപ്പ് പറമ്പിൽ നാരായണയിൽ ജ്യോതിഷ് കുമാർ അത് ശരിവെച്ചു. വട്ടപ്പാട്ടും ദഫ് മുട്ടും പരിചമുട്ടും പിന്നെ തിരുവാതിരയും സംഘഗാനവുമടക്കം ഒട്ടുമിക്ക മത്സരങ്ങളും കാണാൻ വേദികൾ കയറിയിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് അവർ നാൽപ്പതുപേരും. അതിരാവിലെ കടലിൽപോയിട്ട് കിട്ടുന്ന മത്സ്യവുമായെത്തി കുളിച്ചുഷാറായി കലോത്സവം കാണാൻ പോയ അഞ്ച് നാളുകൾ അവരുടെ മനസിൽ ഇനി ഏറെക്കാലമുണ്ടാകും. മൂന്നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട്ടേക്ക് കലോത്സവമെത്തിയത്. അത് മനസറിഞ്ഞ് ആഘോഷിക്കുകയായിരുന്നു കടപ്പുറത്തുള്ളവരും. മത്സരം കഴിഞ്ഞ് വൈകുന്നേരത്തോടെ ഒട്ടുമിക്ക കുട്ടികളും രക്ഷിതാക്കളുമൊക്കെ ബീച്ചിലുണ്ടായിരുന്നു. അവരെല്ലാം കോഴിക്കോടിന് സലാം പറഞ്ഞു. അഞ്ചുനാൾ നീണ്ട സന്തോഷങ്ങൾ ഇനി ആവർത്തിക്കാൻ എത്ര കാത്തിരിക്കണമെന്ന ചിന്തയാണ് വലനെയ്യുമ്പോഴും അവർ പരസ്പരം ചോദിച്ചത്. പണ്ട് കലോത്സവത്തിൽ നാടകത്തിൽ പങ്കെടുത്തതിന്റെ അഭിമാന മുഹൂർത്തങ്ങൾ ഡയലോഗ് സഹിതം വിവരിക്കാൻ അനിൽകുമാർ അവസരം വിനിയോഗിച്ചു. അബൂബക്കറും മജീദും പ്രോത്സാഹനവുമായി കൂടെനിന്നപ്പോൾ കടപ്പുറത്തും കലോത്സവ ലഹരിയുടെ തനിയാവർത്തനമായി.

വലയൊരുക്കൽ

മത്സ്യഫെഡിൽ നിന്നും വാങ്ങുന്ന വലകൾ ചെറിയ തുണ്ടുകളാണ്. അവ നൂൽകോർത്ത് ചേർത്തുവച്ചാണ് മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്നത്. ഒരു വലയ്ക്ക് ശരാശരി നാലുവർഷംവരെയാണ് ആയുസ്. ചിലത് നേരത്തെ നശിച്ചുപോകും. ഓരോ ഇനം മത്സ്യങ്ങൾക്കും വ്യത്യസ്തതയുള്ള വലകളുണ്ട്.

Advertisement
Advertisement