ഭരണഘടനാ പ്രസംഗം വിഷമിപ്പിച്ചെങ്കിൽ മാപ്പ്: സജിചെറിയാൻ

Sunday 08 January 2023 12:00 AM IST

ചെങ്ങന്നൂർ: ഭരണഘടനയെക്കുറിച്ച് താൻ പറഞ്ഞത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ മാപ്പുചോദിക്കുന്നെന്ന് മന്ത്രി സജിചെറിയാൻ. എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെ പ്രസംഗിക്കണം എന്ന് നന്നായി അറിയാവുന്ന ആളാണ് താൻ. കോളേജിൽ പഠിക്കുന്ന കാലത്ത് പ്രസംഗത്തിനു സമ്മാനം വാങ്ങിയിട്ടുണ്ട്. വിവാദമായ 57 മിനിറ്റ് പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചിട്ടില്ല. ഭരണഘടനയെ മുന്നിൽനിറുത്തി ഭരണകൂടം ചൂഷണം നടത്തുന്നു എന്നാണ് പറഞ്ഞത്. കുന്തവും കൊടച്ചക്രവുമൊക്കെ നാട്ടിൽ സാധാരണ പറയുന്നതാണ്. കുന്തം നമ്മൾ പുന്നപ്ര വയലാറിൽ ഉപയോഗിച്ചതാണ്. കൊടച്ചക്രം കറക്കുന്ന സാധനമാണ് . കുറവുകളും കുറ്റങ്ങളുമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം .തിരുത്താം. കരിദിനാചരണത്തിന് കോൺഗ്രസുകാരന്റെ നെഞ്ചത്ത് ഫോട്ടോ പതിക്കാൻ ഭാഗ്യം ലഭിച്ച കമ്മ്യൂണിസ്റ്റുകാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.