കെ. സുരേന്ദ്രൻ അദ്ധ്യക്ഷസ്ഥാനത്ത് തുടരും: പ്രകാശ് ജാവദേക്കർ

Sunday 08 January 2023 4:47 AM IST

ആലപ്പുഴ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പദവി​യി​ൽ നി​ന്ന് കെ. സുരേന്ദ്രനെ മാറ്റില്ലെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള പാർട്ടി പ്രഭാരി പ്രകാശ് ജാവദേക്കർ എം.പി പറഞ്ഞു. ബി.ജെ.പി ആലപ്പുഴ ലോക്‌സഭ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഡിസംബർ 31ന് സുരേന്ദ്രന്റെ കാലാവധി പൂർത്തിയായിരുന്നു. തൊട്ടു പിന്നാലെയാണ് കെ. സുരേന്ദ്രന് സ്ഥാനചലനമുണ്ടാകുമെന്ന പ്രചാരണമുണ്ടായത്.

പാർട്ടിയുടെ ശക്തനായ പോരാളിയായ കെ. സുരേന്ദ്രനെ മുൻനിറുത്തിയായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. നേതൃനിരയിലും മാറ്റമുണ്ടാകില്ല. ബൂത്ത് തലം മുതൽ എല്ലാ കമ്മിറ്റികളും വിപുലീകരിക്കും. ബി.ജെ.പിയിൽ എന്തൊക്കെയോ സംഭവിക്കുമെന്നുമുള്ള പ്രചാരണം വ്യാജമാണ്. പിന്നിൽ എൽ.ഡി.എഫും യു.ഡി.എഫുമാണ്. ചിലർ വ്യാജ വാർത്ത ചമയ്‌ക്കുന്നത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ലഹരി മാഫിയയ്ക്ക് പിന്തുണ നൽകുകയാണ് പിണറായി സർക്കാർ. യു.ഡി.എഫിലെപ്പോലെ എൽ.ഡി.എഫിലും കുടുംബാധിപത്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒന്നാമത്തെ പാർട്ടിയായി ബി.ജെ.പി മാറും. മോദി സർക്കാർ നേതൃത്വം നൽകുന്ന ദേശീയപാത വികസനം കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നും ജാവദേക്കർ പറഞ്ഞു. കൊല്ലപ്പെട്ട രൺജീത്ത് ശ്രീനിവാസന്റെ വസതിയിലെത്തിയ ജാവദേക്കർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അദ്ദേഹം സന്ദർശിച്ചു.