പുരാവസ്തു മോഷണം: ഒരാൾ കൂടി പിടിയിൽ

Sunday 08 January 2023 12:11 AM IST
പിടിയിൽ

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.ഇ.ബൈജുവിന്റെ നിർദ്ദേശപ്രകാരം കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നഗരത്തിൽ പ്രത്യേക രാത്രി പരിശോധന നടത്തി. പരിശോധനയിൽ പുരാവസ്തുക്കൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സംഘത്തിൽപെട്ടയാളെ പൊലീസ് പിടികൂടി. വടകര സ്വദേശി താനിയുള്ള പറമ്പിൽ നൗഷാദ് (35) ആണ് പിടിയിലായത്. അരലക്ഷം രൂപയോളം വിലവരുന്ന പുരാവസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്. രാത്രി പതിനൊന്നര മണിയോടെയായിരുന്നു അറസ്റ്റ്.

കസബ പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്. മോഷണം നടത്തി വടകരയെത്തിച്ചശേഷം സാധനങ്ങൾ കൈമാറ്റം ചെയ്യുന്ന രീതിയിലാണ് ആസൂത്രണം ചെയ്തത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ,ഷാഫി പറമ്പത്ത് കസബ പോലീസ് സബ് ഇൻസ്പെക്ടർമാരായ റസാഖ്, അനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.