മകരവിളക്ക് ഉത്സവം: മുൻകരുതൽ ശക്തമാക്കി വനംവകുപ്പ്

Saturday 07 January 2023 11:51 PM IST

ശബരിമല : മകരവിളക്കിന് മുന്നോടിയായി പട്രോളിംഗും കാട്ടുതീ നിയന്ത്രണ സംവിധാനങ്ങളും ത്വരിതപ്പെടുത്തി വനം വകുപ്പ്. കാട്ടുതീ തടയുന്നതിന് മാത്രമായി പമ്പയിൽ പ്രത്യേക കൺട്രോൾ റൂം തുടങ്ങി. മകരവിളക്ക് കാണാൻ അയ്യപ്പഭക്തർ തടിച്ചുകൂടുന്ന പുല്ലുമേട് ഭാഗങ്ങളിൽ നിയന്ത്രിത തീ കത്തിക്കൽ ആരംഭിച്ചു.തീ പടരുന്നത് തടയുന്നതിനായി ഫയർ ലൈൻ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. മകരവിളക്ക് ദർശന പോയിന്റുകളിൽ ജീവനക്കാരെ മുൻകൂട്ടി നിശ്ചയിച്ചുകഴിഞ്ഞു. അയ്യപ്പഭക്തർ കാൽനടയായി വരുന്ന എരുമേലി കരിമല പാതയിലും സത്രം പുല്ലുമേട് പാതയിലും അധിക ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പകലും രാത്രിയുമുള്ള പട്രോളിംഗ് ശക്തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൺട്രോൾ റൂമുകളാണ് വനം വകുപ്പിന്റേതായി പമ്പയിലും സന്നിധാനത്തുമുള്ളത്.എലിഫന്റ് സ്‌ക്വാഡും സുസജ്ജമാണ്. ഉത്സവ തുടക്കത്തിൽ അപകടകരമായ മരങ്ങളും മരക്കൊമ്പുകളും മുറിച്ച് മാറ്റിയും. ആക്രമണകാരികളായ പന്നികളെ പിടികൂടി സ്ഥലം മാറ്റിയും വനംവകുപ്പിന്റെ പ്രവർത്തനം സജീവമായിരുന്നു.84 കാട്ടുപന്നികളെയാണ് ഇത്തരത്തിൽ ഇടം മാറ്റിയത്. ഇത് വരെ 120 പാമ്പുകളേയും പിടികൂടി.നാല് രാജവെമ്പാല, പത്ത് മൂർഖൻ, പത്ത് അണലി തുടങ്ങി ഉഗ്രവിഷമുള്ള പാമ്പുകളെയാണ് പിടികൂടി ഇടം മാറ്റിയത്. കാൽനടക്കാരായ അയ്യപ്പഭക്തരെ സഹായിക്കുന്നതിനുള്ള റാപിഡ് റെസ്‌പോൺസിബിൾ ടീമും സുസജ്ജമാണ്.
നൂറിലേറെ വനപാലകർ, ഇക്കോ ഗാർഡുകൾ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവരാണ് ശബരിമലയിൽ സേവന രംഗത്തുള്ളത്.

Advertisement
Advertisement