സ്ഥിരം മോഷ്ടാവിനെ മൊബൈൽഫോൺ മോഷണത്തിന് പിടികൂടി

Saturday 07 January 2023 11:52 PM IST

പത്തനംതിട്ട : സ്ഥിരം മോഷ്ടാവായ യുവാവിനെ മൊബൈൽ മോഷണക്കേസിൽ ഏനാത്ത് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം ഇരവിപുരം വാളത്തുങ്കൽ ചേതനാ നഗർ 165 ൽ ഉണ്ണി നിവാസ് വീട്ടിൽ മുരുകന്റെ മകൻ ഉണ്ണി മുരുകൻ (29) ആണ് ഏനാത്ത് പൊലീസ് വിരിച്ച വലയിൽ കുടുങ്ങിയത്. കടമ്പനാട് കാട്ടിത്താംവിള ഉടയൻമുറ്റത്ത് സാമൂവൽ യോഹന്നാന്റെ തൂവയൂരിലുള്ള ഹോട്ടലിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് എത്തിയ മോഷ്ടാവ്, സുഹൃത്തിനെ വിളിക്കാനെന്ന വ്യാജേന ഫോൺ വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു. ബുള്ളറ്റിൽ ഹോട്ടലിനു മുന്നിലെത്തി, ഓഫ്‌ ചെയ്യാതെ ഉള്ളിൽ കയറിയ ഇയാൾ, സാമുവലിന്റെ 2500 രൂപ വിലയുള്ള മൊബൈൽ കൈക്കലാക്കിയശേഷം ബുള്ളറ്റ് കടമ്പനാട് ഭാഗത്തേക്ക് ഓടിച്ച് പോകുകയാണുണ്ടായത്. പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കടമ്പനാട് നിന്ന് ഇന്നലെ പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റിലാണ് ഏനാത്ത് എത്തിഹോട്ടൽ ഉടമയെ കബളിപ്പിച്ച് മൊബൈലുമായി കടന്നത്. ഇതിലേക്ക് വേറെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ശ്യാമകുമാരി, എ.എസ്.ഐ രമേശ്‌, എസ്.സി.പി ഓ യൂനിസ്, സി.പി. ഓ ശിവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കൊട്ടിയം, കൊല്ലം ഈസ്റ്റ്‌, ഇരവിപുരം, കിളികൊല്ലൂർ, തമ്പാനൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയാണ് ഉണ്ണി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.