മദ്ധ്യഭാഗത്തെ സ്പാനിൻെറ രൂപരേഖയിലുള്ള ചർച്ച നീളുന്നു ഇരുകരമുട്ടാതെ പെരുവഴിയായി പെരുമൺ പാലം
കൊല്ലം: രണ്ടറ്റവും നിർമ്മാണം പൂർത്തിയാക്കിയ പെരുമൺ- പേഴുംതുരുത്ത് പാലം കൂട്ടിമുട്ടിക്കാനുള്ള കാത്തിരിപ്പ് നീളുന്നു.മദ്ധ്യഭാഗത്തെ സ്പാനിൻെറ രൂപരേഖക്കായി ആലോചനകൾ തുടങ്ങിയിട്ട് മാസങ്ങൾ പലതായി. രൂപരേഖയുടെ അന്തിമ അനുമതിക്കായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരാനുളള തീരുമാനം അനിശ്ചിതമായി നീളുകയാണ്. ഡിസംബർ പകുതിയോടെ യോഗം നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റി വയ്ക്കുയായിരുന്നു. 2021ൽ നിർമ്മാണം തുടങ്ങിയ, കൊല്ലത്തിന്റെ വികസനത്തിന് വലിയ സാദ്ധ്യതകൾ തുറക്കുന്ന ഒരു പാലത്തിന്റെ നിർമ്മാണമാണ് മാസങ്ങളായി പാതിവഴിയിലായിക്കിടക്കുന്നത്.
യോഗം എത്രയും വേഗം കൂടുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായില്ല. രൂപരേഖയുമായി ബന്ധപ്പെട്ട് എൽ ആൻഡ് ടി നൽകിയ ക്വട്ടേഷനിൽ ടെണ്ടർ അപ്രൂവൽ കമ്മിറ്റിയിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. ഡിസൈൻ, ടെണ്ടർ തുക എന്നിവയിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് യോഗത്തിൽ അഭിപ്രായം ഉണ്ടായി. പൊതു മരാമത്ത് ഡിസൈൻ വിഭാഗവും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് തീരുമാനിക്കാമെന്നായിരുന്നു ധാരണ.
തർക്കം നീട്ടിയ നിർമ്മാണം
മദ്ധ്യ ഭാഗത്തെ സ്പാനുകളുടെ ഡിസൈനിന്റെ കാര്യത്തിലുണ്ടായ തർക്കമാണ് നിർമ്മാണം നീണ്ടുപോകാൻ കാരണം. 160 മീറ്റർ നീളമുളള മൂന്ന് സ്പാനുകളുടെ നിർമ്മാണമാണ് ഇനി ബാക്കിയുളളത്. ടെണ്ടർ ക്ഷണിച്ചപ്പോഴുളളത് മാറ്റി പുതിയ ഡിസൈനിൽ മദ്ധ്യഭാഗം നിർമ്മിക്കണമെന്ന നിർദ്ദേശമാണ് കരാർ കമ്പനിയും കേരളാറോഡ് ഫണ്ട് ബോർഡും തമ്മിലുള്ള തർക്കത്തിനിടയാക്കിയത്. മാസങ്ങളോളം നീണ്ട തർക്കത്തിനൊടുവിൽ ഡിസൈൻ തയ്യാറാക്കുന്നതിന് കരാർ ക്ഷണിച്ചു. എൽ ആൻഡ് ടി കമ്പനി നൽകിയ കരാർ സാങ്കേതികമായി പര്യാപ്തമാണെന്ന് കണ്ടെത്തിയെങ്കിലും തുടർ നടപടികൾ വൈകുകയാണ്. ഏതാണ്ട് 60 ലക്ഷം രൂപയാണ് കരാർ തുക.
അപ്രോച്ച് റോഡുകൾ ഉടൻ
അപ്രോച്ച് റോഡ് നിർമ്മാണത്തിന് തടസമായി നിന്ന മരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ലേലം ചെയ്തു. ചീഫ് എൻജിനീയറുടെ അനുമതി ലഭിച്ചാലുടൻ ഇരുകരകളിലെയും സംരക്ഷണ ഭിത്തി നിർമ്മാണം ആരംഭിക്കും. അപ്രോച്ച് റോഡ് പൂർത്തിയായാലും മദ്ധ്യഭാഗം കൂട്ടി മുട്ടാത്തതിനാൽ ഗതാഗതത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.