കൊല്ലം 40, വാടകക്കെട്ടിടത്തിൽ പോസ്റ്റ് ഒാഫീസ്
കോന്നി: സ്ഥലം ലഭിച്ച് നാൽപ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാലപ്പുഴ ഏറം പോസ്റ്റ് ഓഫീസിനു കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞില്ല. എൻ.എൻ സദാനന്ദൻ മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ നാട്ടുകാർ പണം പിരിച്ചെടുത്ത് പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കാൻ ഹാരിസൺസ് മലയാളം പ്ലാന്റേഷനിൽ നിന്ന് പുതുക്കുളം ജംഗ്ഷനിൽ സ്ഥലം വാങ്ങി തപാൽ വകുപ്പിന് കൈമാറുകയായിരുന്നു. 16 സെന്റ് സ്ഥലം സെന്റിന് 400 രൂപ നിരക്കിലാണ് വാങ്ങിയത്. സ്ഥലം വാങ്ങി നാൽപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റ് ഓഫീസിന് വാടക കെട്ടിടത്തിൽ നിന്ന് മോചനമായില്ല. അന്ന് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൊച്ചിയിലെ ഹെഡ് ഓഫീസിൽ നേരിട്ടെത്തി ചർച്ചകൾ നടത്തിയാണ് സ്ഥലം കൈമാറുന്ന നടപടികൾ പൂർത്തിയാക്കിയത്. മലയാലപ്പുഴ ഏറം പോസ്റ്റ് ഓഫിസിനു കീഴിലാണ് തലച്ചിറ, ചെങ്ങറ പോസ്റ്റ് ഓഫീസുകൾ, പഞ്ചായത്ത് പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കാൻ നൽകിയ സ്ഥലത്തിന് സമീപം പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയവും വായനശാലയും കളിസ്ഥലവും ഉണ്ട്. ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്ത് പൊന്തക്കാടുകളാണ്. ഇവിടെ ചുറ്റുമതിൽ സ്ഥാപിച്ചു ഗേറ്റ് ഇട്ടിരിക്കുകയാണ്. പൊന്തക്കാടുകൾ നിറഞ്ഞ സ്ഥലം ഇഴ ജന്തുക്കളുടെ താവളമാണ് സ്ഥലം തപാൽ വകുപ്പിന്റേതാണെന്നും അനുവാദം കൂടാതെ പ്രവേശിക്കരുത് എന്നുമുള്ള ബോർഡ് തപാൽ വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ ഇവിടെ പൊന്തക്കാടുകൾ തെളിക്കാൻ നാട്ടുകാർ ശ്രമിച്ചപ്പോൾ പോസ്റ്റൽ ഡിപ്പാർട്ടമെന്റ് തടഞ്ഞിയിരുന്നു. നാൽപതു വർഷങ്ങളായി ഉപയോഗരഹിതമായി കിടക്കുന്ന സ്ഥലം തപാൽ വകുപ്പ് മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന് കൈമാറി പ്രയോജനപ്പെടുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് തപാൽ വകുപ്പിന് വാങ്ങി നൽകിയ സ്ഥലം നാൽപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും പ്രയോജനപ്പെടുത്താൻ കഴിയാത്തതിനാൽ തിരികെ പഞ്ചായത്തിന് നൽകണം.
ബാബു , പ്രദേശവാസി