ബഫർസോൺ: ലഭിച്ചത് 63,500 പരാതികൾ

Sunday 08 January 2023 12:55 AM IST

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിൽ (ബഫർസോൺ) ഉൾപ്പെട്ട നിർമ്മിതികൾ ഒഴിവാക്കാൻ പരാതി നൽകാനുള്ള സമയം ഇന്നലെ വൈകിട്ട് 5 മണിയോടെ അവസാനിച്ചു. 63,500 പരാതികളാണ് കിട്ടിയത്. പരാതി നൽകാനുള്ള സമയം നീട്ടണമെന്ന ആവശ്യമുയർന്നെങ്കിലും അനുമതി ലഭിച്ചില്ല. സമയപരിധി നീട്ടിയിട്ടു പ്രത്യേകിച്ചു യാതൊരു പ്രയോജനവുമില്ലെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്.

അഞ്ചിനുശേഷം ഇ-മെയിലായോ മറ്റോ ലഭിച്ച പരാതികൾ സ്വീകരിക്കില്ല. എന്നാൽ, സമയപരിധിക്കുള്ളിൽ ലഭിച്ച പരാതികളിലുള്ള ഫീൽഡ് സർവേ നടപടികളും ജിയോ മാപ്പിംഗും ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഫീൽഡ് സർവേ നടപടികൾ ഒരാഴ്ച കൂടി തുടരാനാണു തീരുമാനം.

സുപ്രീംകോടതി നിർദ്ദേശപ്രകാരം നടത്തിയ ഉപഗ്രഹസർവേയിൽ 49,374നിർമ്മിതികൾ ബഫർസോണിൽ ഉൾപ്പെട്ടതായാണ് കണക്കാക്കിയത്. എന്നാൽ, ഇതുവരെ ലഭിച്ച പരാതികൾ ശരിവയ്ക്കുകയാണെങ്കിൽ 1.13 ലക്ഷം നിർമ്മിതികളാണുള്ളത്. ഇതുസംബന്ധിച്ച് പരാതികൾ നൽകാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ 63,500 പരാതികളാണ് കിട്ടിയത്. ലഭിച്ച പരാതികളിൽ 24,528 നിർമ്മിതികൾ കൂടി ഉണ്ടെന്ന് ഇന്നലെവരെ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതോടെ ഇതുവരെ 77,868 നിർമ്മിതികൾ ഈ മേഖലയിലുണ്ടെന്നു കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ഇ.സിയുടെ അസറ്റ് മാപ്പർ പ്രകാരം 28,494 എണ്ണം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.സ്ഥലപരിശോധന പൂർത്തിയാക്കി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന അസറ്റ് മാപ്പർ ആപ് ഇടയ്ക്കിടെ തകരാറിലാകുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റേതാണ് മാപ്പ്. സുപ്രീംകോടതിയിൽ നിലവിലുള്ള കേസ് 11നു പരിഗണിക്കുമെന്ന് ഉറപ്പായിട്ടില്ല. 11നു മുമ്പ് പരാതികൾ പരിഹരിക്കാനും കഴിയില്ല.

വന്യജീവി സങ്കേതങ്ങളുടെ ഒരുകിലോമീറ്റർ ബഫർസോണുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികൾ:

. നെയ്യാർ:3863,

. പേപ്പാറ:15,

. ശെന്തുരുണി:1589,

. ആറളം,കൊട്ടിയൂർ: 2577,

. മലബാർ: 5482,

. പീച്ചി: 13,977,

. മംഗളവനം:200,

. മൂന്നാർ:5772,

. ഇടുക്കി:9819,

. തട്ടേക്കാട് :1255,

. പെരിയാർ:4026,

. വയനാട്:10,810,

. പറമ്പിക്കുളം:2633,

. സൈലന്റ് വാലി:1472.

Advertisement
Advertisement