പൂട്ടിക്കിടന്ന സ്ഥാപനതിന് ബിൽ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ ആക്രമണം

Sunday 08 January 2023 12:54 AM IST

കൊല്ലം: പൂട്ടിക്കിടക്കുന്ന സ്ഥാപനതിന് 23000 രൂപ ബിൽ നൽകിയതിൽ പ്രകോപിതനായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത ആളെ പൊലീസ് പിടികൂടി. തിരുമുല്ലവാരം അമ്പാട്ട് രാജേഷ് ഭവനിൽ രാജീവനെയാണ് (38) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആൽത്തറമൂട് പൂട്ടിക്കിടക്കുന്ന കെ.കെ റസ്റ്റോറന്റിൽ മീറ്റർ പരിശോധനയ്ക്കെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ അജയകുമാറിനാണ് ആക്രമണം നേരിട്ടത്. സ്ഥാപനമുടമയുടെ ബന്ധുവായ യുവാവാണ് അക്രമണം നടത്തിയത്. അജയകുമാറിന്റെ പരാതിയുടെ അടിസ്ഥാനതിൽ ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഐ.വി.ആശ, ദിലീപ്, എ.എസ്.ഐമാരായ ബാബുക്കുട്ടൻ, അനിൽ, ഡാർവിൻ, ഉണ്ണികൃഷ്ണൻ എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.