പുലിക്കുഴി പാറയിൽ പുലിയെ കണ്ടതായി അഭ്യൂഹം

Sunday 08 January 2023 12:53 AM IST
പുലി ഒളിച്ചതായി പറയുന്ന ചിറ്റാശ്ശേരി പുലിക്കുഴി പാറ

പത്തനാപുരം : കമുകുംചേരി ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി റബർ ടാപ്പിംഗ് തൊഴിലാളി. വനംവകുപ്പ് പരിശോധന നടത്തി. കമുകുംചേരി ചിറ്റാശ്ശേരി പുലിക്കുഴി പാറയ്ക്ക് സമീപമുള്ള തോട്ടത്തിലാണ് ഇന്നലെ പുലിയെ കണ്ടത്. ടാപ്പിംഗിനെത്തിയ രാജ് മോഹനനാണ് തോട്ടത്തിന് സമീപത്തുള്ള അരുവിയിൽനിന്ന് വെള്ളം കുടിച്ച് മടങ്ങുന്ന പുലിയെ കണ്ടതായി പറയുന്നത്. പിന്നീട് തോട്ടത്തിനോട് ചേർന്നുള്ള പുലിക്കുഴി പാറയിൽ പുലി ഒളിച്ചതായും പറയുന്നു. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാ ണ്. വനംവകുപ്പ് ഡെപ്യുട്ടി റേഞ്ച് ഓഫീസ‌ർ ഗിരിയുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി. എന്നാൽ പുലിയുടെ സാന്നിധ്യം മനസിലാക്കാൻ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മേഖലയിൽ നീരിക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാങ്കോട് തൊണ്ടിയാ മണ്ണിൽ നാട്ടുകാർ പുലിയെ കണ്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വാഴപ്പാറ, കടയ്ക്കാമൺ, നടുക്കുന്ന് മരുതി മൂട് , നാരാങ്ങാപ്പുറം, കടശ്ശേരി, കറവൂർ തുടങ്ങിയ മേഖലകളിൽ പ്രദേശവാസികൾ പുലിയെ കണ്ടിരുന്നു. പ്രദേശത്ത് ജാഗ്രതാനി‌‌ർദ്ദേശം വനം വകുപ്പ് നൽകിയിട്ടുണ്ട്.

Advertisement
Advertisement