കാലിടറി കൗമാരം, വേണം സാന്ത്വനം

Saturday 07 January 2023 11:59 PM IST

പത്തനംതിട്ട : അച്ഛൻ വഴക്ക് പറഞ്ഞതിന് അടൂർ നഗരത്തിലെ കടത്തിണ്ണയിൽ കിടന്നുറങ്ങിയ പതിനഞ്ചുകാരൻ. സുഹൃത്തിനൊപ്പം യാത്ര പോയ പതിനാലുകാരി തിരികെ വീട്ടിലേക്കില്ലെന്ന് തീർത്തുപറയുന്നു. കൊട്ടാരക്കരയിൽ വച്ച് പിടികൂടിയ പത്തനംതിട്ട സ്വദേശിയായ പെൺകുട്ടി ലഹരിമരുന്ന് വിൽപനക്കാരി. കഥയല്ല,​ ജില്ലയിലെ കൗമാരക്കാരായ കുട്ടികൾ ഉൾപ്പെട്ട സംഭവങ്ങളാണ്. പതിനാറ് വയസിനുള്ളിൽപ്പെടുന്നവരാണ് ഇവരെല്ലാവരും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൈവശം ഇത്തരം നിരവധി കേസുകളുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന അനേകം കേസുകൾ വേറെ . കൗൺസിലർമാരുള്ള സ്കൂളുകളിൽ നിന്നാണ് ഇത്തരം സംഭവങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നത്.

ജില്ലയിൽ 294 ഗവ. സ്കൂളുകളുണ്ട്. ഇതിൽ 42 സ്കൂളുകളിൽ മാത്രമാണ് സൈക്കോളജിസ്റ്റ് കൗൺസിലർമാരുടെ സേവനമുള്ളത്. അതിൽ ചിലർ രണ്ട് സ്കൂളുകൾ സർവീസ് നടത്തുന്നുണ്ട്. 481 എയ്ഡഡ് സ്കൂളുകളും 46 അൺ എയ്ഡഡ് സ്കൂളുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ കൗൺസിലർമാരുടെ സഹായം കുട്ടികൾക്ക് ലഭിക്കുന്നില്ല.

ആദ്യ ഘട്ടത്തിൽത്തന്നെ കുട്ടികളുടെ പ്രശ്നങ്ങൾ അറിയാൻ സാധിക്കും. എല്ലാം കഴിഞ്ഞ് അവസാനമാണ് ഭൂരിഭാഗം കേസുകളും പുറത്തുവരുന്നത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അറിയാത്ത രക്ഷിതാക്കൾ പോലും ജില്ലയിലുണ്ട്. പോക്സോ കേസുകൾ, വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങി പ്പോകുന്ന കുട്ടികൾ, ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികൾ, ലഹരി കേസുകളിൽ ഉൾപ്പെടുന്നവർ ഇവയുടെയെല്ലാം തുടക്കം അറിയാൻ കഴിഞ്ഞാൽ കുട്ടികളെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും.

"ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൗൺസിലർമാരുടെ സേവനം ഉറപ്പാക്കണം. ഗ്രാമസഭകളിൽ കുട്ടികളുടെ പ്രശ്നവും ചർച്ച ചെയ്യണം. അതിന് കൃത്യമായ മേൽനോട്ടം ഉണ്ടാകണം. "

അഡ്വ. എൻ. രാജീവ്

സി.ഡബ്ല്യൂ.സി ചെയർമാൻ

ജില്ലയിൽ ആകെ സ്കൂളുകൾ : 821

ആകെ കൗൺസിലർമാർ : 42