പോസ്റ്റ് ഓഫീസ് കസ്റ്റമർകെയർ 24 മണിക്കൂറും പ്രവർത്തിക്കണം: ഉപഭോക്തൃ കോടതി
കൊച്ചി: പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്കിന്റെ എ.ടി.എം പിൻ രഹസ്യമായി സൂക്ഷിക്കുന്നതിൽ ഉപഭോക്താവ് വീഴ്ചവരുത്തിയാൽ പണം നഷ്ടപ്പെട്ടതിന് തപാൽ വകുപ്പിനെ കുറ്റപ്പെടുത്താനാവില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. എന്നാൽ ഉപഭോക്താവിന് പരാതി സമർപ്പിക്കാനുള്ള കസ്റ്റമർകെയർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് പോസ്റ്റ്മാസ്റ്റർ ജനറൽ ഉറപ്പുവരുത്തണമെന്ന് കമ്മിഷൻ നിർദ്ദേശം നൽകി. എറണാകുളം കങ്ങരപ്പടി സ്വദേശി അഞ്ജു സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ,ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതിയുടെ ഉത്തരവ്.
എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്കുള്ള ബസ് യാത്രക്കിടെ പരാതിക്കാരിയുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്കിന്റെ എ.ടി.എം കാർഡ് ഉൾപ്പെടെയുണ്ടായിരുന്ന പേഴ്സ് നഷ്ടപ്പെടുകയും. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും. അതിനകം ആരോ 66,060രൂപയുണ്ടയിരുന്ന അക്കൗണ്ടിൽ നിന്ന് 25,000രൂപ പിൻവലിക്കുകയുണ്ടായി. ശനിയും ഞായറും കസ്റ്റമർ കെയർ വിഭാഗത്തിന് അവധിയായതിനാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും സാധിച്ചില്ല. കസ്റ്റമർ കെയർ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നെങ്കിൽ തന്റെ പണം നഷ്ടപ്പെടില്ലായിരുന്നുവെന്ന് പരാതിക്കാരി വാദിച്ചെങ്കിലും. പേഴ്സ് നഷ്ടപ്പട്ട ഉടൻ പോസ്റ്റ് ഓഫീസിൽ പരാതിപ്പെട്ടില്ലെന്നും എ.ടി.എം കാർഡിനോടൊപ്പം പിൻ രേഖപ്പെടുത്തിയതാകാം പണം നഷ്‌ടപ്പെട്ടതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം. പരാതിക്കാരിക്കുണ്ടായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന വാദം നിലനിൽക്കുന്നതല്ലെന്ന തപാൽ വകുപ്പിന്റെ വാദം കമ്മിഷൻ അംഗീകരിച്ചു.
തുടർന്ന് തപാൽ വകുപ്പിലെ ഉദ്യോഗസ്ഥനോട് കസ്റ്റമർ കെയറിലേക്ക് വിളിക്കാൻ കോടതി നിർദ്ദേശിച്ചു. ആ കോളിനോടു പ്രതികരിക്കാൻ കസ്റ്റമർ കെയറിൽ ആരുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് 24 മണിക്കൂറും കസ്റ്റമർ കെയർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പോസ്റ്റ് മാസ്റ്റർ ജനറലിന് കോടതി നിർദ്ദേശം നൽകിയത്.