പോളിടെക്‌നിക്ക് അദ്ധ്യാപകരുടെ പെൻഷൻ പ്രായം: ഹർജിയിൽ വിശദീകരണം തേടി
Sunday 08 January 2023 1:04 AM IST
കൊച്ചി: ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ) പെൻഷൻ പ്രായം 65 വയസാക്കിയിട്ടും കേരളത്തിൽ പോളിടെക്‌നിക്ക് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 56 ആയി തുടരുന്നതിനെതിരെ അദ്ധ്യാപകർ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും എ.ഐ.സി.ടി.ഇയുടെയും വിശദീകരണം തേടി. ആലപ്പുഴ കാർമ്മൽ പോളിടെക്‌നിക്കിലെ അദ്ധ്യാപകൻ വിൽസൺ ജോർജ് ഉൾപ്പെടെ ആറ് അദ്ധ്യാപകർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്.
ഹർജിക്കാരുടെ വിരമിക്കൽ ഹർജിയിലെ തുടർ ഉത്തരവുകൾക്കു വിധേയമായിരിക്കുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹർജി ജനുവരി 24 നു പരിഗണിക്കാൻ മാറ്റി. എ.ഐ.സി.ടി.ഇയുടെ ഉത്തരവ് എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.