മാതാപിതാക്കളെ സഹായിക്കുന്നത് ബാലവേലയല്ല,​ പൊലീസ് ശിശുഭവനിലാക്കിയ നാടോടി കുട്ടികളെ ഹൈക്കോടതി മോചിപ്പിച്ചു

Sunday 08 January 2023 1:05 AM IST

കൊച്ചി: തെരുവിൽ പേനയും മറ്റും വിറ്റു നടക്കുന്നത് ബാലവേലയാണെന്നാരോപിച്ച് പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ ഉത്തരേന്ത്യൻ ബാലന്മാരെ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് മോചിപ്പിച്ചു. മക്കളെ വിട്ടുകിട്ടാൻ രാജസ്ഥാൻ സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടാൻ ഉത്തരവിട്ടത്.
കഴിഞ്ഞ നവംബർ 29 നാണ് ആറും ഏഴും വയസുള്ള കുട്ടികളെ എറണാകുളം മറൈൻഡ്രൈവിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. ജില്ലാ ശിശുക്ഷേമസമിതിക്കു മുന്നിൽ ഹാജരാക്കിയ കുട്ടികളെ അന്നുതന്നെ പള്ളുരുത്തി ശിശുഭവനിലേക്ക് മാറ്റി. കുട്ടികളെ കാണാനോ സംസാരിക്കാനോ മാതാപിതാക്കളെ അനുവദിച്ചിരുന്നില്ല.

ഹർജിക്കാർ എല്ലാവർഷവും അതിശൈത്യകാലത്ത് കേരളത്തിലെത്തി ഏതാനും മാസം കഴിയാറുണ്ട്. ഇക്കാലത്ത് പേനകളും മറ്റും വിറ്റ് കുട്ടികൾ മാതാപിതാക്കളെ സഹായിക്കാറുമുണ്ട്. ഇത്തവണ പൊലീസ് കുട്ടികളെ പിടികൂടി ശിശുഭവനിലേക്ക് മാറ്റിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു രക്ഷിതാക്കൾ. അയൽവാസി കൂടിയായ അഡ്വ. മൃണാളിന്റെ സഹായത്തോടെയാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളെ എത്രയും വേഗം മോചിപ്പിക്കാനായിരുന്നു ഉത്തരവ്. ഹർജി പരിഗണിക്കവെ, തങ്ങളിൽ നിന്ന് അകന്നു കഴിയുന്ന കുട്ടികളെ ഓർത്തു രക്ഷിതാക്കൾ കരഞ്ഞത് കോടതിയെയും സങ്കടത്തിലാക്കി.

നിയമം കുട്ടികളുടെ ക്ഷേമത്തിനാകണം

ബാലാവകാശ നിയമപ്രകാരമുള്ള തീരുമാനങ്ങൾ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയാകണമെന്ന് ഹൈക്കോടതി. അവർക്ക് ശരിയായ വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ജീവിതസാഹചര്യം കൊണ്ടാണ് ഹർജിക്കാർ കേരളത്തിലെത്തുന്നത്. ദാരിദ്ര്യം ഒരു കുറ്റമല്ല. രാഷ്ട്രപിതാവിന്റെ ഭാഷ കടമെടുത്തു പറഞ്ഞാൽ ദാരിദ്ര്യം ഏറ്റവും നീചമായ ഹിംസയാണ്. മാതാപിതാക്കളെ സഹായിക്കാൻ തെരുവിൽ പേനയും വളയും മാലയുമൊക്കെ വിൽക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് മനസിലാകുന്നില്ല. സ്കൂളിൽ പോകേണ്ടതിനു പകരം തെരുവിൽ അലഞ്ഞു തിരിയേണ്ടവരല്ല കുട്ടികൾ. അക്കാര്യത്തിൽ തർക്കം വേണ്ട. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുമെന്ന് രക്ഷിതാക്കൾ പറയുന്നു. സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത ഇവർക്ക് അതെങ്ങനെ കഴിയുമെന്നറിയില്ല. എന്നിരുന്നാലും പൊലീസിനും ശിശുക്ഷേമ സമിതിക്കും ഇവരെ കസ്റ്റഡിയിലെടുക്കാനോ മാതാപിതാക്കളിൽ നിന്ന് അകറ്റാനോ കഴിയില്ല - ഹൈക്കോടതി വ്യക്തമാക്കി.