പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

Sunday 08 January 2023 12:06 AM IST

പത്തനംതിട്ട: വടശേരിക്കരയിൽ ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ 18 വർഷങ്ങൾക്കുശേഷം പെരുനാട് പൊലീസ് പിടികൂടി. മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്ന മാമ്പാറപീടികയിൽ പ്രദീപ് കുമാറിനെയാണ് മലപ്പുറം പാങ്ങുചേണ്ടി കോൽക്കളത്തെ വാടകവീട്ടിൽ നിന്ന് തന്ത്രപരമായി കുടുക്കിയത്. 2005 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. വായ്പ്പൂര് സ്വദേശി പ്രദീപ്‌ കുമാറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കേസിൽ പ്രതികളായ ഇയാളും സഹോദരൻമാരായ സന്തോഷ്‌, അനിൽ എന്നിവരും സംഭവത്തിന്‌ ശേഷം ഒളിവിൽ പോകുകയായിരുന്നു. മലപ്പുറത്ത് ടാപ്പിംഗ് ജോലിയുമായി കഴിഞ്ഞുകൂടിയ പ്രദീപ്‌ രണ്ടാമത് ഒരു സ്ത്രീയെ വിവാഹം കഴിച്ച് കോൽക്കളം എന്ന സ്ഥലത്ത് താമസിച്ചുവരികയായിരുന്നു. ആദ്യഭാര്യയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്, സി.പി. ഓമാരായ അജിത്ത് , വിനീഷ് എന്നിവർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടാപ്പിങ് പണിക്ക് ശേഷം സ്വന്തം ഓട്ടോറിക്ഷ ഓടിക്കാനും ഇയാൾ പോയിരുന്നു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.