ജനത്തെ കൊള്ളയടിച്ച് ബ്ലേഡ് മാഫിയ, അനങ്ങാതെ സർക്കാർ

Sunday 08 January 2023 12:07 AM IST

തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിച്ച് ബ്ലേഡ്മാഫിയ തഴച്ചുവളരുമ്പോഴും നിയമനടപടിയെടുക്കാതെ ഉറക്കത്തിലാണ് സർക്കാർ. ബ്ലേഡുകാരുടെ ഭീഷണികാരണം ജീവനൊടുക്കിയത് രണ്ടുഡസനിലേറെപ്പേരാണ്. കഠിനംകുളത്ത് 23വയസുള്ള മകളുമായി മാതാപിതാക്കൾ തീകൊളുത്തി മരിച്ചതാണ് ഒടുവിലത്തേത്. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒട്ടേറെപ്പേരുണ്ട്. കൊവിഡും അതേത്തുടർന്നുള്ള വരുമാന, തൊഴിൽ പ്രതിസന്ധിയും മറികടക്കാനാണ് മിക്കവരും കൊള്ളപ്പലിശയ്ക്ക് കടമെടുക്കുന്നത്. വാങ്ങിയതിന്റെ പലയിരട്ടി പലിശകയറി കടം കുമിഞ്ഞുകൂടുമ്പോഴാണ് ആത്മഹത്യകൾ.

സാധാരണക്കാരെ കൊള്ളയടിക്കുന്ന ബ്ലേഡ്മാഫിയയ്ക്കെതിരേ മൂന്നുവർഷത്തിനിടെ ഒരു കേസുപോലുമെടുത്തിട്ടില്ല. വീടും വസ്തുവും, വാഹനരേഖകൾ, ചെക്കുകൾ എന്നിവ ഈടുവാങ്ങിയാണ് പണം നൽകുക. പലിശ മുടങ്ങിയാൽ അത് മുതലിനോട് കൂട്ടിച്ചേർത്ത് ചെക്കിൽ എഴുതിയെടുക്കും. വാങ്ങിയതിന്റെ നാലിരട്ടി നൽകിയാലും കടംതീരില്ല. വൻകിടക്കാരുടെ ബിനാമിപ്പണമാണ് ബ്ലേഡ് പലിശയ്ക്ക് നൽകുന്നത്. പലിശപ്പിരിവ് നടത്തുന്നത് ക്രിമിനൽ സംഘങ്ങളും. ഭീഷണിപ്പെടുത്തി വസ്തു എഴുതിവാങ്ങും. ഒപ്പിട്ടുവാങ്ങിയ രേഖകളുടെ പിൻബലത്തിൽ കുടിയൊഴിപ്പിക്കും.

കൊള്ളപ്പലിശക്കാരെക്കുറിച്ച് പരാതി കിട്ടിയാലും പൊലീസ് അനങ്ങാറില്ല. ചിലയിടങ്ങളിൽ ബ്ലേഡുകാർക്ക് പൊലീസിന്റെ ഒത്താശയുമുണ്ട്. കോട്ടയത്ത് ഡിവൈ.എസ്.പിയായിരുന്നു ബ്ലേഡ് മാഫിയയുടെ പ്രധാനകണ്ണി. ബ്ലേഡുകാർ ആവശ്യപ്പെട്ട തുകയെഴുതി മുദ്രപത്രം ഒപ്പിട്ടു നൽകാൻ പാലക്കാട്ടെ കർഷകനോട് ആവശ്യപ്പെട്ടത് സി.ഐയായിരുന്നു. തിരുവനന്തപുരത്ത് പലിശയിടപാടിൽ അഞ്ച് പൊലീസുകാർ പ്രതികളായിട്ടുണ്ട്. ഉന്നതപൊലീസുദ്യോഗസ്ഥരുടെ കൈക്കൂലിപ്പണം ചാലക്കമ്പോളത്തിൽ പലിശയ്ക്ക് നൽകി പിരിവിന് പൊലീസുകാരെ നിയോഗിച്ച സംഭവവുമുണ്ട്.

കഴുത്തറുപ്പ് പലവിധം

മീറ്റർ പലിശ

ഒരു ലക്ഷത്തിന് 90,000നൽകും. പത്തു ദിവസത്തെ പലിശയാണ് ഈടാക്കിയ 10,000

റോൾ പലിശ

1000 രൂപയ്ക്ക് മുന്നൂറ് രൂപ ആദ്യമേ പിടിക്കും. പലിശയീടാക്കുന്നത് തോന്നിയപോലെ

ദിവസപ്പലിശ

1000 രൂപ കച്ചവടക്കാർക്ക് രാവിലെ നൽകും. വൈകിട്ട് 1300 തിരിച്ചു കൊടുക്കണം

ചതിയൊരുക്കി ബ്ലേഡുകാർ

മകളുടെ വിവാഹത്തിന് വാങ്ങിയ 3ലക്ഷത്തിന് 10ലക്ഷം പലിശനൽകിയിട്ടും 20ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ പാലക്കാട്ടെ കർഷകനായ വേലുക്കുട്ടി ട്രെയിനിനുമുന്നിൽ ജീവനൊടുക്കി.

മകനെ വിദേശത്തയയ്ക്കാൻ വാങ്ങിയ 4ലക്ഷത്തിന് 3മാസം പലിശമുടങ്ങിയപ്പോൾ 15ലക്ഷം വാങ്ങിയെന്ന് വ്യാജരേഖയുണ്ടാക്കിയതോടെ, സരസ്വതി കുളത്തിൽ ചാടി ജീവനൊടുക്കി.

5000രൂപ വാങ്ങിയതിന് 10300രൂപ വരെ നൽകിയിട്ടും ഭാര്യയെ ബ്ലേഡ്മാഫിയ ഭീഷണിപ്പെടുത്തിയതോടെ ഗുരുവായൂരിലെ പെയിന്റിംഗ് തൊഴിലാളി രമേശ് ജീവനൊടുക്കി

'മുറ്റത്തെ മുല്ല'യും ദൃഷ്ടിയും

#ബ്ലേഡുകാർക്കെതിരായ സഹകരണവകുപ്പിന്റെ മുറ്റത്തെ മുല്ല പദ്ധതിയും ഫലംകണ്ടില്ല. സഹകരണബാങ്കുകൾ കുറഞ്ഞപലിശയ്ക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതിയായിരുന്നു.

പലിശക്കാർക്കെതിരെ പൊലീസിന്റെ 'ദൃഷ്ടി' പദ്ധതി പാലക്കാട്ട് മാത്രമായി ചുരുങ്ങി. സംസ്ഥാനതലത്തിൽ നടപടിയില്ല.

1000കോടി നാലുശതമാനം പലിശയ്ക്ക് കുടുംബശ്രീ വഴി വായ്പനൽകി ബ്ലേഡുകാരെ ഒതുക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായിട്ടില്ല

Advertisement
Advertisement