റേഷൻ വ്യാപാരികളെ സംരക്ഷിക്കണം: റേഷൻ എംപ്ലോയീസ് ഫെഡറേഷൻ

Sunday 08 January 2023 1:09 AM IST

തിരുവനന്തപുരം: കേരളത്തിലെ റേഷൻ ജീവനക്കാരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

റേഷൻ ഭക്ഷ്യധാന്യങ്ങൾ സൗജന്യമാക്കിയതോടെ ദിനംപ്രതിയുള്ള വിറ്റുവരവ് ലഭിക്കാതെയായി. നേരത്തേ ദിവസവുമുള്ള വിറ്റുവരവ് കൈകാര്യച്ചെലവിനായി വിനിയോഗിക്കുകയും അത് പിന്നീട് കമ്മിഷൻ തുകയിൽ കുറയ്ക്കുകയുമായിരുന്നു. പുതിയ സാഹചര്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. കട വാടക, വൈദ്യുതി ചാർജ്, സെയിൽസ്‌മാൻമാർക്കുളള ശമ്പളം എന്നീ ചെലവുകൾ നോക്കുമ്പോൾ ഇപ്പോൾ കിട്ടുന്ന കമ്മിഷൻ തുച്ഛമാണ്. റേഷൻ മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനം 30,000 രൂപയായി വർദ്ധിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.വർക്കിംഗ് പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ, ട്രഷറർ മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ കെ.പി. വിശ്വനാഥൻ, വി.ഡി. അജയകുമാർ, എം.ആർ. സുധീഷ്, കോവളം വിജയകുമാർ, ജയിംസ് കണയന്നൂർ തുടങ്ങിയവർ സംസാരിച്ചു.