നയന സൂര്യയുടെ മരണം; അന്വേഷണം സിബിഐയ്ക്ക് വിടണം

Sunday 08 January 2023 12:14 AM IST

ആലപ്പാട്: അഴീക്കൽ സ്വദ്ദേശിനിയും യുവസംവിധായികയുമായ നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് സി.ആർ.മഹേഷ് എം.എൽ.എ. നയനയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കൽ പാലം ജംഗ്ഷനിൽ കൂടിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിവയറ്റിൽ മർദ്ദനമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും പൊലീസ് അത് അന്വേഷിച്ചില്ലെന്നും നയന സൂര്യയുടെ സുഹൃത്തുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉന്നയിക്കുന്ന ആരോപണം ഗൗരവതരമാണ്. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വരുന്ന നിയമ സഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും നയനയുടെ കുടുംബത്തിന് നീതി വാങ്ങി നൽകാൻ ഒപ്പമുണ്ടാകുമെന്നും നയനയുടെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദർശിച്ച സി.ആർ മഹേഷ് എം.എൽ.എ പറഞ്ഞു. പ്രതിഷേധയോഗത്തിന് മണ്ഡലം പ്രസിഡന്റ് ഷിബു പഴനിക്കുട്ടി അദ്ധ്യക്ഷനായി. നീലികുളം സദാനന്ദൻ, ആർ.രാജപ്രിയൻ, എൽ.കെ.ചന്ദ്രബോസ്, സുനിൽ കൈലാസം, മധുബല്ലാരി, യു.ഉല്ലാസ്, ടി.ഷൈമ, സി. ബേബി, വാലേൽ പ്രേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എസ്.ബിനു സ്വാഗതവും ജയാ ജ്ഞാനേശൻ നന്ദിയും പറഞ്ഞു.