പകരം ചോദിക്കാൻ ബ്ളാസ്റ്റേഴ്സ് മുംബയ്‌യിൽ

Sunday 08 January 2023 12:28 AM IST

മുംബയ് : ഈ സീസണിന്റെ തുടക്കത്തിൽ കൊച്ചിയിലെത്തി തങ്ങളെ തോൽപ്പിച്ചിരുന്ന മുൻ ചാമ്പ്യൻന്മാരായ മുംബയ് സിറ്റി എഫ്.സിയെ ഇന്ന് മുംബയ്‌യിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് നേരിടും. രാത്രി 7.30നാണ് കിക്കോഫ്.

കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ് കൊച്ചിയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് മുംബയ് സിറ്റി മഞ്ഞപ്പടയെ കീഴടക്കിയത്. സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം തോൽവിയായിരുന്നു അത്. ആ മത്സരത്തിന് ശേഷമാണ് ലീഗിലേക്ക് ബ്ളാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവന്നത്. ഒക്ടോബറിന് ശേഷം നടന്ന എട്ടുമത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇവാൻ വുകോമനോവിച്ചും സംഘവും തോറ്റത്. ആറ് വിജയങ്ങളും ഒരുസമനിലയുമായി പോയിന്റ് പട്ടികയിലെ താഴെത്തട്ടിൽനിന്ന് മുകളിലേക്ക് ഉയരാനും ബ്ളാസ്റ്റേഴ്സിനായി.

മുംബയ് സിറ്റിയും ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബ്ളാസ്റ്റേഴ്സിനെതിരായ കളിക്ക്ശേഷം നടന്ന എട്ടുമത്സരങ്ങളിൽ ഏഴിലും ജയിച്ചു. ഒന്നിൽ മാത്രം സമനില. ഇരുടീമകളെയും സംബന്ധിച്ച് ആദ്യ നാലുസ്ഥാനങ്ങളിൽ സുരക്ഷിതമായി നിന്ന് പ്ളേഓഫ് ബർത്ത് ഉറപ്പാക്കാൻകൂടിയുള്ള പോരാട്ടമാണ് ഇനിയുള്ളത്.

അഡ്രിയാൻ ലൂണ,ഇവാൻ കല്യൂഷ്നി,ദിമിത്രിയോസ് ഡയമന്റിക്കോസ്,അപ്പോസ്തോലസ്, പ്രഭ്സുഖൻ ഗിൽ,മലയാളി താരങ്ങളായ സഹൽ അബ്ദുസമദ്,കെ.പി രാഹുൽ തുടങ്ങിയവരുടെ കരുത്തിലാണ് ബ്ളാസ്റ്റേഴ്സ് ഇറങ്ങുന്നത്. കഴിഞ്ഞ മതസരത്തിൽ കൊച്ചിയിൽ വച്ച് ജംഷഡ്പുരിനെ 3-1ന് തകർത്ത ആത്മവിശ്വാസത്തിലാണ് ബ്ളാസ്റ്റേഴ്സ് മുംബയ്ക്ക് വിമാനം കയറിയിരിക്കുന്നത്.

മുൻ ബ്ളാസ്റ്റേഴ്സ് താരം ജോർജ് പെരേര,ഗ്രെഗ് സ്റ്റിവാർട്ട്,മെഹതാബ് സിംഗ്, ലാലിയൻസുവാല,മന്ദാർ റാവു,റൗളിൻ ബോർഗസ്,വിനീത് റായ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. കഴിഞ്ഞ മത്സരത്തിൽ പെരേര ബ്ളാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയിരുന്നു.

3

സീസണിലെ 12 മത്സരങ്ങളിൽ എട്ടു ജയവും ഒരു സമനിലയും മൂന്ന് തോൽവുകളുമായി 25 പോയിന്റുള്ള കേരള ബ്ളാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്.

2

12 മത്സരങ്ങളിൽ ഒരു കളിയും തോൽക്കാത്ത മുംബയ് സിറ്റി ഒൻപത് ജയവും മൂന്ന് സമനിലകളുമായി 30 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത്.

1

സീസണിൽ 13 മത്സരങ്ങളിൽ 10ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി 32 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയാണ് ഒന്നാമത്.