കണക്കിലെ കൃത്രിമം : 4 സ്‌പോട്‌സ് കൗൺസിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ

Sunday 08 January 2023 12:35 AM IST

കൊല്ലം: സ്‌പോട്‌സ് ഹോസ്റ്റലിലെ കുട്ടികൾക്കുള്ള മെസ് ചെലവുകളിലുംമറ്റും വൻതോതിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ജില്ലാ സ്‌പോട്‌സ് കൗൺസിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജില്ലാ സ്‌പോട്‌സ് കൗൺസിൽ മുൻ സെക്രട്ടറി കെ.എസ്. അമൽ ജിത്ത് , നിലവിലെ സെക്രട്ടറി എസ്.രാജേന്ദ്രൻ നായ‌ർ, യു.ഡി ക്ലർക്ക് നിതിൻ റോയ്, ഓഫീസ് അറ്റൻഡർ പി.ഉമേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സമഗ്രമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.

കഴിഞ്ഞ മാസം കായിക മന്ത്രി വി.അബ്ദുറഹിമാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ സെക്രട്ടറിയും അസി. സെക്രട്ടറിയും (ഫിനാൻസ്) കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബില്ലുകളിലാണ് വലിയ ക്രമക്കേടാണ് കണ്ടെത്തിയത്.

നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ സാധനം വാങ്ങിയതായി നിരവധി ബില്ലുകൾ ഉണ്ടാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ബില്ലുകളാണ് സംസ്ഥാന സ്‌പോട്‌സ് കൗൺസിലിൽ സമർപ്പിച്ചിരുന്നത്. ഓഫീസ് അറ്റൻഡർ ഉമേഷാണ് ബില്ലുകൾ എഴുതി ഉണ്ടാക്കിയിരുന്നതെന്ന് കൈയക്ഷരം പരിശോധിച്ചതിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ ബില്ലുകൾ ക്ലാർക്ക് നിതിൻ റോയും ജില്ലാ സ്‌പോട്‌സ് കൗണ്‍സിൽ സെക്രട്ടറിമാരും പരിശോധിക്കാതെ അംഗീകരിക്കുകയുമായിരുന്നു.

Advertisement
Advertisement