സാമ്പത്തി​കതട്ടി​പ്പ്: 4 സ്‌പോർട്‌സ് കൗൺ​സിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ

Sunday 08 January 2023 12:36 AM IST

തിരുവനന്തപുരം: സ്‌പോർട്‌സ് ഹോസ്റ്റലിലെ കുട്ടികളുടെ മെസ് ചെലവുകളിൽ വൻതോതിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ജില്ലാ സ്‌പോർട്‌സ് കൗൺ​സിലിലെ നാലു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺ​സിൽ മുൻ സെക്രട്ടറി അമൽജിത്ത് കെ.എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രൻ നായർ, യു ഡി ക്ലാർക്ക് നിതിൻ റോയ്, ഓഫീസ് അറ്റൻഡന്റ് ഉമേഷ് പി എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് മാറ്റിനിറുത്തിയത്.

കഴിഞ്ഞ മാസം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബില്ലുകളിൽ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ സാധനം വാങ്ങിയതായി നിരവധി ബില്ലുകൾ ഉണ്ടാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ബില്ലുകളാണ് സംസ്ഥാന സ്‌പോർട്‌സ് കൗണ്‍സിലിൽ സമർപ്പിച്ചിരുന്നത്.

ഓഫീസ് അറ്റൻഡന്റായ ഉമേഷാണ് ബില്ലുകൾ എഴുതി ഉണ്ടാക്കിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ ബില്ലുകള്‍ ക്ലർക്ക് നിതിന്‍ റോയും ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറിമാരും പരിശോധിക്കാതെ അംഗീകരിക്കുകയുമായിരുന്നു.

രണ്ട് മാസം മുമ്പ് അമൽജിത്തിനെ പത്തനംതിട്ടയ്ക്ക് സ്ഥലം മാറ്റിയിരുന്നു. പത്തനംതിട്ടയിൽ നിന്ന് രാജേന്ദ്രനെ കൊല്ലത്തും നിയോഗിച്ചു. രണ്ടുപേരുടെയും കാലയളവുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്.

കൊല്ലം സ്‌പോർട്‌സ് ഹോസ്റ്റലിൽ 110 കുട്ടികളുണ്ട്. ഒരു കുട്ടിയ്ക്ക് പ്രതിദിനം 250 രൂപയാണ് ഭക്ഷണ ചെലവിനായി നല്‍കുന്നത്. 150 രൂപയുടെ ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നാണ് കുട്ടികളിൽ നിന്ന് മനസ്സിലാക്കുന്നത്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പോലും തട്ടിപ്പു കാണിച്ചവർക്ക് അർഹമായ ശിക്ഷ നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി