ഫുട്ബാളിൽ ഏഷ്യൻ ശക്തിയാകാൻ റോഡ് മാപ്പ് റെഡി

Sunday 08 January 2023 12:40 AM IST

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഏഷ്യൻ ഫുട്‌ബാളിന്റെ ശക്തികേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള 'വിഷൻ 2047' റോഡ്മാപ്പ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പുറത്തിറക്കി. ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും മികച്ച നാല് ഫുട്ബാൾ രാജ്യങ്ങളിൽ ഒന്നാക്കാനും ഏഷ്യയിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നിന് ആതിഥേയത്വം വഹിക്കാനും മികച്ച ഫുട്ബോൾ അന്തരീക്ഷം സൃഷ്ടിക്കാനും റോഡ്മാപ്പ് ലക്ഷ്യമിടുന്നു.

ഐ.എസ്.എല്ലിലും ഐ ലീഗിലും 14 ടീമുകൾ വീതം

40 ടീമുകളുള്ള ഒരു ത്രിതല ദേശീയ ലീഗിന് രൂപം നൽകും. നിലവിലുള്ള ഇന്ത്യൻ സൂപ്പർ ലീഗും ഐ-ലീഗും 14 ടീമുകൾ വീതം ഉൾപ്പെടുത്തി വിപുലീകരിക്കും. ഐ-ലീഗ് രണ്ടാം ഡിവിഷനിൽ 12 ടീമുകളാക്കും. നഗരങ്ങളും ജില്ലകളും കേന്ദ്രീകരിച്ചുള്ള ലീഗുകളിൽ ജയിക്കുന്ന ടീമുകളുടെ സംസ്ഥാന ചാമ്പ്യൻഷിപ്പ്, ക്ളബ്ബുകൾക്കും അക്കാഡമികൾക്കുമായി പ്രാദേശിക, സംസ്ഥാന തലങ്ങളിൽ യൂത്ത് ലീഗുകളും എലൈറ്റ് യൂത്ത് ലീഗുകളും. സംസ്ഥാന യൂത്ത് ലീഗിലെ വിജയികൾ എലൈറ്റ് യൂത്ത് ലീഗിലേക്ക് യോഗ്യത നേടും.

 വിഷൻ 2047 നടപ്പാക്കുക നാലു വർഷം വീതമുള്ള ആറ് പദ്ധതികളായി തിരിച്ച്. ആദ്യഘട്ടം 2026നുള്ളിൽ:

2026ൽ ലക്ഷ്യമിടുന്നവ:

10 ടീമുകൾ ഉൾപ്പെടുന്ന വിമൻസ് ലീഗ് അടക്കം നാല് തലങ്ങളിലായി ഫുട്ബാൾ ലീഗ്, എട്ട് ടീമുകളുടെ രണ്ടാം ഡിവിഷൻ, എട്ട് ടീമുകൾ വീതമുള്ള അഞ്ച് സോണൽ ലീഗുകൾ. പുതിയ വനിതാ യൂത്ത് ലീഗ്, കളിക്കാർക്ക് കുറഞ്ഞത് 14 മത്സരങ്ങൾ കളിക്കും. 2027ഒാടെ 20 സംസ്ഥാനങ്ങളിൽ വനിതാ യൂത്ത് ഫുട്ബാൾ പദ്ധതി നടപ്പാക്കണം.

100 ഗ്രാമങ്ങളിൽ 3.5 കോടി കുട്ടികളെ ഉൾപ്പെടുത്തിയുള്ള ഗ്രാസ് റൂട്ട് പ്രോഗ്രാമുകൾ. പത്ത് ലക്ഷം രജിസ്റ്റേഡ് കളിക്കാർ. 2.5 കോടി കുട്ടികൾക്ക് ഫുട്‌ബോൾ ഫോർ സ്‌കൂൾ വിദ്യാഭ്യാസം.

2047-ഓടെ, ഓരോ സീസണിലും കളിക്കാർക്ക് കുറഞ്ഞത് 55 മത്സരങ്ങൾ ഉറപ്പാക്കും

 ഫെഡറേഷനിൽ മുഴുവൻ സമയ ബിസിനസ്സ്, മാർക്കറ്റിംഗ് വിഭാഗം

 വനിതാ കോച്ചുകൾ, റഫറിമാർ, മാച്ച് കമ്മീഷണർമാർ എന്നിവർക്ക് പ്രോത്സാഹനം, വനിതാ കളിക്കാർക്ക് മിനിമം ശമ്പളം ഉറപ്പാക്കും.

 രാജ്യത്തുടനീളം 50,000 സജീവ കോച്ചുകളെ സൃഷ്‌ടിക്കും(എ.ഐ.എഫ്.എഫ്. സി ലൈസൻസുള്ള 4,500 ഓളം കോച്ചുകൾ അടക്കം).

 ഫിഫ പുരുഷ, വനിതാ അണ്ടർ17 ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട്

മെഗാ ക്യാമ്പുകൾ

 പ്രൊഫഷണൽ ക്ലബ്ബുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പടുത്താൻ ലക്ഷ്യമിട്ട് പ്രത്യേക സെൻസസ്, നിക്ഷേപം വർദ്ധിപ്പിക്കാൻ നടപടികൾ.

2024-ഓടെ ഗ്രേഡിംഗ്, ലൈസൻസിംഗ് മാനദണ്ഡങ്ങൾ നിലവിൽ വരും

 2026-ഓടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നാഷണൽ സെന്റർ ഓഫ് എക്സലൻസ് പൂർണമായി പ്രവർത്തനക്ഷമമാകും. ഒരു മെഗാ ഫുട്ബോൾ പാർക്കും സജ്ജമാക്കും.

എഐഎഫ്‌എഫ് പ്രസിഡന്റ് കല്യാൺ ചൗബെ:

1950കളിലും 60കളിലും ഇന്ത്യൻ ഫുട്ബോളിന്റെ പ്രതാപകാലം പുനരുജ്ജീവിപ്പിക്കാനും ഒരിക്കൽ കൂടി ഏഷ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമാകാനുമാണ് ലക്ഷ്യമിടുന്നത്.

 സെക്രട്ടറി ജനറൽ ഡോ ഷാജി പ്രഭാകരൻ

2036-ൽ ഫെഡറേഷന്റെ ശതാബ്ദി വർഷത്തിൽ, ഇന്ത്യയെ ഏഷ്യയിലെ മികച്ച ഏഴ് ഫുട്ബാൾ രാജ്യങ്ങളിലൊന്നാക്കി മാറ്റും. ലോകകപ്പിന് യോഗ്യതാ മത്സരങ്ങളിലെ ശക്തരായ മത്സരാർത്ഥിയാക്കും.