സെഞ്ച്വറി സൂര്യൻ

Sunday 08 January 2023 1:04 AM IST

ലങ്കയ്ക്ക് എതിരായ മൂന്നാം ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് 91 റൺസ് ജയം

പരമ്പര 2-1ന് ഇന്ത്യയ്ക്ക് സ്വന്തം

ഇന്ത്യ 228/5,ലങ്ക 137

സൂര്യകുമാർ യാദവിന് മൂന്നാം ട്വന്റി ട്വന്റി സെഞ്ച്വറി (112*)

51 പന്തുകൾ

7 ഫോറുകൾ

9 സിക്സുകൾ

112 റൺസ്

രാജ്കോട്ട് : സൂര്യതാണ്ഡവം നടത്തിയ സൂര്യകുമാർ യാദവിന്റെ (112*) സെഞ്ച്വറി മികവിൽ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്റി ട്വന്റി മത്സരത്തിൽ 91 റൺസിന് ജയിച്ച ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ അടിച്ചുകൂട്ടിയത് 228 റൺസാണ്. ലങ്കയുടെ മറുപടി 16.4 ഓവറിൽ 137ൽ ഒതുങ്ങി. 51 പന്തുകളിൽ ഏഴുഫോറും ഒൻപത് സിക്സുകളുമടക്കം പുറത്താവാതെ 112 റൺസടിച്ച് വെടിക്കെട്ട് സൃഷ്‌ടിച്ച സൂര്യകുമാറിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്.ഓപ്പണർ ശുഭ്മാൻ ഗിൽ 36 പന്തുകളിൽ 46 റൺസും രാഹുൽ ത്രിപാതി 16പന്തുകളിൽ 35 റൺസും നേടി. അക്ഷർ പട്ടേൽ ഒൻപത് പന്തുകളിൽ 21 റൺസുമായി പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗും രണ്ടുവിക്കറ്റുവീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും ഉമ്രാൻ മാലിക്കും ചഹലും ചേർന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. കുശാൽ മെൻഡിസ്(23),ഷനക (23),ധനഞ്ജയ (22) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചുനിൽക്കാനായത്.

ഓപ്പണർ ഇഷാൻ കിഷനെ(1) ആദ്യ ഓവറിൽനഷ്ടമായിരുന്ന ഇന്ത്യയെ കരകയറ്റിയത് ഗില്ലും രാഹുൽ ത്രിപാതിയും ചേർന്നാണ്. രണ്ടോവറിൽ 7/1 എന്ന നിലയിൽ നിന്ന് 5.5 ഓവറിൽ 52/2 എന്നനിലയിലേക്ക് ഉയർത്തിയശേഷമാണ് ത്രിപാതി തിരിച്ചുനടന്നത്. തന്റെ രണ്ടാം ട്വന്റി ട്വന്റി മത്സരം കളിക്കുന്ന ത്രിപാതി 16 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സും പായിച്ചിരുന്നു. ആറാം ഓവറിൽ ത്രിപാതിക്ക് പകരം സൂര്യ എത്തിയതോടെ കളിമാറി. സ്റ്റേഡിയത്തിന്റെ മുക്കിലും മൂലയിലും കൂടി സിക്സുകൾ പറന്നുയരാൻ തുടങ്ങി. ലങ്കൻ ബൗളർമാരെ പ്രഹരിക്കാൻ ഗില്ലും ഒപ്പംകൂടിയതോടെ11-ാം ഓവറിൽ ഇന്ത്യ നൂറുകടന്നു. പിന്നീട് മൂന്നോവറിനകം 150കടന്നു. 15-ാം ഓവറിൽ ഗിൽ പുറത്തായപ്പോൾ ഇന്ത്യ 163/3 എന്ന നിലയിലെത്തിയിരുന്നു.

തുടർന്ന് ഹാർദിക് പാണ്ഡ്യയും (4)ദീപക് ഹൂഡയും (4) പെട്ടെന്ന് പുറത്തായെങ്കിലും അക്ഷർ പട്ടേലിനെക്കൂട്ടി 19-ാം ഓവറിന്റെ ആദ്യ പന്തിൽ സൂര്യ സെഞ്ച്വറിയിലെത്തി. 45 പന്തുകളാണ് സൂര്യയ്ക്ക് മൂന്നാംവട്ടം മൂന്നക്കത്തിലെത്താൻ വേണ്ടിവന്നത്.

ഇന്ത്യയുടെ അഞ്ചാമത്തെ ഉയർന്ന ട്വന്റി ട്വന്റി ടോട്ടൽ

3

ട്വന്റി ട്വന്റിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ മാറി. രണ്ട് സെഞ്ച്വറികളുള്ള കെ.എൽ രാഹുലിനെ മറികടന്ന സൂര്യകുമാറിന് മുന്നിൽ നാലുസെഞ്ച്വറികളുള്ള രോഹിത് ശർമ്മ മാത്രമാണുള്ളത് .

2022 ജൂലായ്‌യിൽ ഇംഗ്ളണ്ടിനെതിരെ 55 പന്തുകളിൽ നേടിയ 117 റൺസാണ് സൂര്യയുടെ ആദ്യ അന്താരാഷ്ട്ര ട്വന്റി ട്വന്റി സെഞ്ച്വറി

2022 നവംബറിൽ ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടി.