എഴുപത്തിയാറുകാരന് തുണയായി മനുഷ്യാവകാശ കമ്മിഷൻ
തിരൂർ: ചെലവിന് നൽകാൻ കോടതി വിധിച്ചിട്ടും മകൻ തയ്യാറാവുന്നില്ലായെന്ന പരാതിയുമായി കുറ്റിപ്പുറം സ്വദേശി കാലിയോട്ടിൽ നാരായണൻ സ്വാമി (76) മനുഷ്യാവകാശ കമ്മിഷന് മുന്നിൽ പരാതിയുമായെത്തി. കഴിഞ്ഞ ദിവസം തിരൂർ റസ്റ്റ് ഹൗസിൽ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വിളിച്ച് ചേർത്ത സിറ്റിംഗിലാണ് നാരായണൻ സ്വാമിയെത്തിയത്. നാരായണൻ സ്വാമി മകൻ ചെലവിന് നൽകുന്നില്ലായെന്ന് ചൂണ്ടികാട്ടി ആർ.ഡി.ഒ കോടതിയിൽ പരാതി നല്കിയതിനെ തുടർന്നാണ് ഇളയ മകൻ വേണുഗോപാലിനോട് പ്രതിമാസം 1500 രൂപ ചെലവിന് നൽകാൻ ആർ.ഡി.ഒ കോടതി ഉത്തരവിട്ടത്. നാല് വർഷം മുമ്പ് കോടതി വിധിയുണ്ടായിട്ടും നാളിതുവരെയായിട്ടും കോടതി വിധി നടപ്പിലായില്ലെന്ന പരാതിയുമായാണ് നാരായണൻ സ്വാമി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. മൂന്ന് തവണ സിറ്റിംഗിന് നാരായണൻ സ്വാമി ഹാജരായിട്ടും മകൻ വേണുഗോപാലൻ സിറ്റിംഗിൽ ഹാജരായിരുന്നില്ല. തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ അംഗം ജുഡീഷൽ അംഗം കെ. ബൈജുനാഥ് തുടർ നടപടി ആവശ്യപ്പെട്ട് ആർ.ഡി.ഒക്ക് നോട്ടീസ് നല്കാൻ നിർദേശിച്ചത്. നാരായണൻ സ്വാമിയും ഭാര്യയും മാനസിക വെല്ലുവിളി നേരിടുന്ന മൂത്തമകനും കുറ്റിപ്പുറം നടുവട്ടത്താണ് താമസിച്ചു വരുന്നത്.