വിമർശനം അഴിച്ചുവിടുന്നത് വിപ്ലവകാരികളുടെ വേഷം അണിയുന്നവർ, പഴയിടം ഏറ്റവും ഭംഗിയായി ചുമതലകൾ നിറവേറ്റി; അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Sunday 08 January 2023 11:16 AM IST

തിരുവനന്തപുരം: പഴയിടം മോഹനൻ നമ്പൂതിരി ഏറ്റവും ഭംഗിയായി തന്റെ ചുമതലകൾ നിറവേറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പഴയിടത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചുവിടുന്നത്. ഒന്നോ രണ്ടോ വ്യക്തികൾക്ക് മാത്രമാണ് വിമർശനമുള്ളത്. കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കാർക്കും പ്രശ്നങ്ങളില്ല. ഇക്കാര്യത്തിൽ പഴയിടവുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

വിവാദങ്ങൾക്ക് പിന്നാലെ ഇനി കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ താനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചിരുന്നു. കുട്ടികൾക്ക് തയ്യാറാക്കുന്ന ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിയുന്നത് തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും, തനിക്ക് ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.