ശശി തരൂർ തറവാടി നായർ, പ്രധാനമന്ത്രിയാകാൻ യോഗ്യൻ; കോൺഗ്രസിന്റെ തോൽവിയ്‌ക്ക് കാരണം ചെന്നിത്തലയെന്ന് സുകുമാരൻ നായർ

Sunday 08 January 2023 12:49 PM IST

കോട്ടയം: കോൺഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രിയാകാൻ യോഗ്യനെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തരൂർ തറവാടി നായരാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ശശി തരൂർ പ്രധാനമന്ത്രിയാകാൻ യോഗ്യനാണെങ്കിലും കൂടെയുള്ളവർ അതിന് സമ്മതിച്ചെല്ലെങ്കിൽ എന്ത് ചെയ്യാനാകും. അധോഗതി എന്നല്ലാതെ എന്ത് പറയാൻ. തരൂരിന്റെ അത്രയും ലോകപരിചയമുള്ള വ്യക്തി മറ്റാരുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം, കോൺഗ്രസ് നേതൃത്വത്തിനെ സുകുമാരൻ നായർ വിമർശിച്ചു. കേരളത്തിൽ പ്രതിപക്ഷമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. രമേശ് ചെന്നിത്തലയെ ഉയർത്തിപ്പിച്ചതാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകാൻ കാരണം. ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ അത്രയും വലിയൊരു തോൽവി ഉണ്ടാകില്ലായിരുന്നുവെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

സമുദായത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഇഷ്ടമല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഒട്ടും മര്യാദ ഇല്ലാത്ത ഭാഷയിലാണ് സതീശൻ പലപ്പോഴും സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. നായന്മാരോട് എല്ലാവർക്കും അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങളെന്നതാണ് അസൂയയ്ക്ക് കാരണമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.