ഇക്കുറി എക്‌സ്‌പോയിൽ ഇ-കാർ തിളക്കം

Monday 09 January 2023 3:42 AM IST

കൊച്ചി: ഇ​ക്കുറി ഇന്ത്യാ ഓട്ടോ എക്‌സ്‌പോയിൽ താരമാവുക ഒരുപിടി ഇലക്‌ട്രിക് വാഹനങ്ങളായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അവയിൽത്തന്നെ മേളയ്ക്ക് കൂടുതൽ ആകർഷണവുമായി മുന്നിട്ടുനിൽക്കാൻ ചിലർ റെഡിയാണ്. മാരുതിയുടെ കോൺസെപ്‌റ്റായ വൈ.വൈ.8 (മുകളിൽ ചിത്രത്തിലുള്ളത്)​ അതിൽ പ്രധാനം. ടൊയോട്ടയുമായി ചേർന്നാകും മാരുതി ഈ ഓൾ-ഇലക്‌ട്രിക് എസ്.യു.വി നിർമ്മിച്ചേക്കുക. 2025ൽ ഈ മോഡൽ വിപണിയിലെത്തിയേക്കും. ബ്രിട്ടീഷ് ബ്രാൻഡായ എം.ജിയുടെ എം.ജി എയർ,​ എം.ജി 4,​ എം.ജി 5 എന്നിവയും എക്‌സ്‌പോയിൽ ഇക്കുറി അവതരിക്കും. ഹ്യുണ്ടായിയുടെ ഐയോണിക് 5 ആണ് ഏവരും കാത്തിരിക്കുന്ന മറ്റൊരു ശ്രദ്ധേയതാരം. ഐയോണിക് 6 മോഡലും ഹ്യുണ്ടായ് പരിചയപ്പെടുത്തിയേക്കും. ബി.വൈ.ഡിയുടെ സീൽ,​ കിയയുടെ ഇ.വി9 കോൺസെപ്‌റ്റ് എന്നിവയും ഇക്കുറി മേളയുടെ ആകർഷണങ്ങളാകും. ടാറ്റാ പഞ്ചിന്റെ ഇലക്‌ട്രിക് പതിപ്പാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മോഡൽ.