'2035ഓടെ ഇന്ത്യ $10 ട്രില്യൺ സമ്പദ്‌വ്യവസ്ഥയാകും"

Monday 09 January 2023 2:57 AM IST

ന്യൂഡൽഹി: ഇന്ത്യ 2035ഓടെ 10 ലക്ഷം കോടി ഡോളർ (10 ട്രില്യൺ ഡോളർ)​ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാകുമെന്നും 2037ൽ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയെന്ന പട്ടം ചൂടുമെന്നും ബ്രിട്ടനിലെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ദ സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് (സി.ഇ.ബി.ആർ)​ അഭിപ്രായപ്പെട്ടു.

191 രാജ്യങ്ങളുടെ 2037വരെയുള്ള സാമ്പത്തിക വളർച്ചാപ്രതീക്ഷകൾ കോർത്തിണക്കി സി.ഇ.ബി.ആർ തയ്യാറാക്കിയ 'വേൾഡ് എക്കണോമിക് ലീഗ് ടേബിൾ" റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അടുത്ത അഞ്ചുവർഷം ഇന്ത്യ ശരാശരി 6.4 ശതമാനം പ്രതിവർഷ ജി.ഡി.പി വളർച്ച നേടും. അടുത്ത 9 വർഷത്തെ ശരാശരി വാർഷിക വളർച്ചാനിരക്ക് 6.5 ശതമാനമായിരിക്കും. ഇതാണ് 2037ഓടെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകാൻ ഇന്ത്യയ്ക്ക് കരുത്താവുക.

കരകയറ്റം അതിവേഗം

കൊവിഡിൽ ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽ മൂന്നാമത് ഇന്ത്യയാണ്. കൊവിഡ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചതിനാൽ 2020-21ൽ ജി.ഡി.പി വളർച്ച നെഗറ്റീവ് 6.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. എന്നാൽ അതിവേഗം കരകയറിയ ഇന്ത്യ 2021-22ൽ 8.7 ശതമാനം വളർന്നു. നടപ്പുവർഷം 6.8 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.