ജില്ലാ ആശുപത്രിയിൽ എട്ട് ഡയാലിസിസ് മെഷീൻ കൂടി

Monday 09 January 2023 12:46 AM IST

പാലക്കാട്: ജില്ലാ ആശുപത്രിയിൽ പുതുതായി എട്ട് ഡയാലിസിസ് മെഷീനുകളെത്തി. ജനുവരി അവസാനത്തോടെ എല്ലാ യന്ത്രങ്ങളും പ്രവർത്തിപ്പിച്ച് തുടങ്ങും. മാസം 600-700 ഡയാലിസിസുകൾ ജില്ലാ ആശുപത്രിയിൽ നടക്കുന്നുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡയാലിസിസ് സൗകര്യം നൽകുന്നുണ്ട്.

നിലവിൽ 12 ഡയാലിസിസ് മെഷീനുകളാണുള്ളത്. ദിനംപ്രതി 30 പേർക്കാണ് ഡയാലിസിസ് ചെയ്യുന്നത്. പുതുതായി മെഷീൻ എത്തിയതോടെ മാസം ആയിരത്തിലധികം രോഗികൾക്ക് ഡയാലിസിസ് ചെയ്യാം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.സി.എൽ) ആണ് മെഷീനുകൾ നൽകിയത്. ആശുപത്രിയിൽ കൂടുതൽ മെഷീനെത്തിയതോടെ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടി വരും.

സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ 1500-2000 രൂപ വരെയാണ് ഈടാക്കുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ഡയാലിസിസ് ചെയ്യുന്ന രോഗികളാണ് കൂടുതലും. ജില്ലയിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് കൂടുതൽ ഡയാലിസിസ് മെഷീനുകളുള്ളത്. 24 എണ്ണം. മൂന്ന് ഷിഫ്‌റ്റുകളിലായി ദിവസം 70 പേർക്കാണിവിടെ ഡയാലിസിസ് നടത്തുന്നത്.

Advertisement
Advertisement