ഐ.ഡി.ബി.ഐ ബാങ്ക്: ഓഹരി വില്പന രണ്ടാംഘട്ടത്തിലേക്ക്

Monday 09 January 2023 3:18 AM IST

 ഒട്ടേറെ താത്പര്യപത്രങ്ങൾ ലഭിച്ചുവെന്ന് ദിപം

കൊച്ചി: ഐ.ഡി.ഐ.ബി ബാങ്കിന്റെ ഓഹരിവില്പന നടപടികളോട് അനുബന്ധിച്ച് നിരവധി താത്പര്യപത്രങ്ങൾ ലഭിച്ചുവെന്ന് ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) വ്യക്തമാക്കി. കഴിഞ്ഞമാസം ആദ്യമാണ് ദിപം താത്പര്യപത്രം ക്ഷണിച്ചത്. ഡിസംബർ 16 വരെയായിരുന്നു സമയം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് ഈമാസം ഏഴുവരെ നീട്ടിയിരുന്നു.

ഓഹരിവില്പന നടപടികൾ ഉടൻ രണ്ടാംഘട്ടത്തിലേക്ക് കടക്കുമെന്ന് ദിപം സെക്രട്ടറി ട്വീറ്റ് ചെയ്‌തു.

പൊതുമേഖലാ ഓഹരിവില്പന നടപടികളുടെ ഭാഗമായാണ് ഐ.ഡി.ബി.ഐ ബാങ്ക് ഓഹരികളും കേന്ദ്രം വിറ്റൊഴിയുന്നത്. എന്നാൽ​ ഐ.ഡി.ബി.ഐ ബാങ്ക് പൊതുമേഖലാ ബാങ്കല്ല,​ സ്വകാര്യബാങ്കാണ്. എൽ.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.

ഇരുവർക്കും കൂടി 94.72 ശതമാനം. ഇതിൽ 60.72 ശതമാനം ഓഹരികളാണ് വിറ്റൊഴിയുക. സർക്കാർ 30.48 ശതമാനവും എൽ.ഐ.സി 30.24 ശതമാനവും ഓഹരികൾ വിറ്റൊഴിയും.

ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനത്തിനുമേൽ (ഭൂരിപക്ഷ ഓഹരി ഉടമസ്ഥാവകാശം)​ ഓഹരികൾ കൈവശംവയ്ക്കാൻ വിദേശ നിക്ഷേപകർ അല്ലെങ്കിൽ വിദേശ നിക്ഷേപഫണ്ടുകൾ എന്നിവയുടെ കൺസോർഷ്യത്തെ അനുവദിക്കാനുള്ള കേന്ദ്രനീക്കവും കൂടുതൽ താത്പര്യപത്രം ലഭിക്കാൻ വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ.

സർക്കാർ ഓഹരി പൊതുവിഭാഗത്തിൽ

ഐ.ഡി.ബി.ഐ ബാങ്കിലെ സർക്കാർ ഓഹരികൾ പൊതുവിഭാഗത്തിലേക്ക് മാറ്റാൻ കഴിഞ്ഞദിവസം സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) അനുമതി നൽകിയിരുന്നു. നിലവിൽ 45.48 ശതമാനം ഓഹരികളാണ് സർക്കാരിനുള്ളത്. ഇത് വോട്ടിംഗ് അവകാശത്തോടെ 15 ശതമാനത്തിൽ നിലനിറുത്താനാണ് അനുമതി. ബാങ്കിലെ ഓഹരിവില്പനയ്ക്ക് ശേഷം സർക്കാരിന്റെ ഓഹരിപങ്കാളിത്തം 15 ശതമാനമായി കുറയും.

₹65,​000 കോടി

ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്താനുമായി പൊതുമേഖലാ ഓഹരികൾ വിറ്റൊഴിയുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് ഐ.ഡി.ബി.ഐ ബാങ്കോഹരികളും കേന്ദ്രം വിറ്റൊഴിയുന്നത്. നടപ്പുവർഷം പൊതുമേഖലാ ഓഹരിവില്പനയിലൂടെ കേന്ദ്രം ഉന്നമിടുന്ന സമാഹരണം 65,​000 കോടി രൂപയാണ്. ഇതിനകം സമാഹരിച്ചത് 31,100 കോടി രൂപ.

ഓഹരിവിലയിൽ മുന്നേറ്റം

ഓഹരിവിറ്റൊഴിയൽ നടപടികൾ വേഗത്തിലായതോടെ ഐ.ഡി.ബി.ഐ ബാങ്ക് ഓഹരിമൂല്യം കുതിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരിവില 30.75 രൂപയിൽ നിന്ന് 59 രൂപയിലെത്തി. നിക്ഷേപകർക്ക് 91.87 ശതമാനം റിട്ടേണും (ആദായം) ലഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച 7.76 ശതമാനം കുതിപ്പ് ഓഹരിവിലയിലുണ്ടായി.

Advertisement
Advertisement