ബിനാലെയിലെ വനിതാ സാന്നിദ്ധ്യം ശ്രദ്ധേയം: റിതു മേനോൻ

Monday 09 January 2023 12:43 AM IST

കൊച്ചി: ബിനാലെയിലെ വനിതാ സാന്നിദ്ധ്യം ശ്രദ്ധേയവും പ്രതീക്ഷകൾ നൽകുന്നതുമാണെന്ന് എഴുത്തുകാരിയും പ്രസാധകയുമായ റിതു മേനോൻ പറഞ്ഞു. ആർട്ടിസ്റ്റുകളായും അണിയറ പ്രവർത്തകരായും ധാരാളം വനിതകളുണ്ടെന്ന വലിയ മാറ്റം അഭിമാനകരമാണ്. ഫെമിനിസം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഗഹനമായി ചർച്ച ചെയ്യുന്ന കലാസൃഷ്ടികൾ കാണാനാകുന്നത് മികച്ച അനുഭവമാണെന്നും ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലെ വേദിയിൽ കലാപ്രദർശനം ആസ്വദിച്ചശേഷം അവർ പറഞ്ഞു. അത്ഭുതാവഹമാണ് ബിനാലെയിലെ കലാവതരണങ്ങളെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി മുൻ അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരിയുമായ വിദ്യ ദേഹേജിയ പറഞ്ഞു. ലളിതമായി ആവിഷ്‌കരിക്കപ്പെട്ട കലാസൃഷ്ടികൾ പോലും ശക്തമായ സാമൂഹിക അവബോധം നൽകുന്നു. വിമർശനങ്ങളോടൊപ്പം നിലപാടുകളും ഇവ വ്യക്തമാക്കുന്നു. പ്രചോദനാത്മകമാണ് ബിനാലെയെന്ന് ആർക്കിടെക്ടും ടൗൺ പ്ലാനറുമായ എ. ജി .കൃഷ്ണമേനോൻ അഭിപ്രായപ്പെട്ടു. വാസ്തുവിദ്യ, പൈതൃകം, ആസൂത്രണ മികവ്, സാങ്കേതികവിദ്യ എന്നിവയെല്ലാം ഇതിൽ കടന്നുവരുന്നു. ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ഭാര്യ ശാരദ മുരളീധരൻ, ഫാഷൻ ഡിസൈനർമാരായ രാകേഷ് താക്കൂർ, ഡേവിഡ് എബ്രഹാം എന്നിവരും ബിനാലെ കാണാനെത്തി.