കുറ്റകൃത്യങ്ങൾക്ക് കാരണം ആർഭാട ജീവിതത്തോടുള്ള ആർത്തി: മന്ത്രി കെ.കൃഷ്ണൻകുട്ടി

Monday 09 January 2023 12:59 AM IST
പെരുമാട്ടി ജി.എച്ച്.എസ്.എസിൽ നടന്ന എസ്.പി.സി പാസിംഗ് ഔട്ട് പരേഡും പൂർവ വിദ്യാർത്ഥി സംഗമവും സ്കൂൾ വാർഷികാഘോഷവും മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ആർഭാട ജീവിതത്തോടുളള അടങ്ങാത്ത ആർത്തി കുറ്റകൃത്യം വർദ്ധിക്കുന്നതിന് കാരണമാകുന്നതായി മന്ത്രി കെ.കഷ്ണൻകുട്ടി. പെരുമാട്ടി ജി.എച്ച്.എസ്.എസിലെ ആദ്യ എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡും പൂർവ വിദ്യാർത്ഥി സംഗമവും സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൗമാരക്കാരാണ് പ്രധാനമായും ആർഭാട ജീവിതത്തിൽ ആകൃഷ്ടരായി ലഹരിക്കടത്ത് പോലുള്ള കാര്യങ്ങളിലേക്ക് വഴുതിവീഴുന്നത്. ഇത്തരം കാര്യങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ സ്റ്റുഡന്റ് പൊലീസ് കാര്യമായ പങ്കുവഹിക്കണം. കുട്ടികൾ ലഹരി വാഹകരാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അധികൃതരെ അറിയിക്കണം. ഇത്തരം ചതിക്കുഴിയിൽ വീഴാതെ നോക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്നും മന്ത്രി പറഞ്ഞു. എസ്.എം.സി ചെയർമാൻ കെ.സുരേഷ് അദ്ധ്യക്ഷനായി. സ്റ്റാർ സിംഗർ ഫെയിം സനിഗ സന്തോഷ് മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ്, പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, ജില്ലാ പഞ്ചായത്തംഗം മാധുരി പത്മനാഭൻ, മിൽമ മലബാർ മേഖല യൂണിയൻ ഡയറക്ടർ കെ.ചെന്താമര, എസ്.വിനോദ് ബാബു,​ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എസ്.ഉദയകുമാർ, പ്രിൻസിപ്പൽ മഞ്ജു വർഗീസ്, പ്രധാനാദ്ധ്യാപിക സി.ശോഭ പങ്കെടുത്തു.