കൊച്ചിക്ക് ഹരമായി മിയാവാക്കി വനങ്ങൾ

Monday 09 January 2023 12:58 AM IST

കൊച്ചി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന മിയാവാക്കി മാതൃകാ വനവത്കരണം കൊച്ചി നഗരത്തിനു ഹരമാവുന്നു. ഇതുവരെ നാല് മിയാവാക്കി വന മാതൃകകൾ കൊച്ചിയിൽ സൃഷ്ടിക്കപ്പെട്ടുണ്ട്. കൂടുതൽ നഗര വനങ്ങൾ സൃഷ്ടിക്കാൻ വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സംഘടനകൾ തയ്യാറെടുക്കുകയാണ്.

പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിലെ സി.എം.ഡി. ക്വാർട്ടേഴ്‌സിന് മുന്നിലാണ് കൊച്ചി നഗരത്തിലെ ആദ്യ മിയാവാക്കി വനം . ഇവിടുത്തെ ചതുപ്പു നിലം വൃത്തിയാക്കി വനം ഒരുക്കിയത്. ആറു സെന്റ് സ്ഥലത്ത് ആയിരത്തിലധികം ചെടികൾ നട്ടു പിടിപ്പിച്ചു. ഇന്ത്യൻ നേവിയുടെ സ്‌കൂൾ,​ കൊച്ചി സർവകലാശാല എന്നിവയ്ക്ക് മുന്നിൽ വനവത്കരണത്തിനു വഴിയൊരുക്കിയത് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) ആണ്. വിവിധ നൂതന ആശയങ്ങൾ സമൂഹ മദ്ധ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കെഡിസ്‌ക് കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും മിയാവാക്കി മാതൃകാ സൂക്ഷ്മ വനങ്ങൾ സൃഷ്ടിച്ചു.

ആവശ്യക്കാരേറെ

കൊച്ചിയിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആലുവയിലും ഫോർട്ടകൊച്ചിയിലും മിയാവാക്കി വനങ്ങൾ ഉണ്ടാക്കാൻ തീരുമാനമായിട്ടുണ്ട്. പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്. മിയാവാക്കി വനമാതൃകകൾ സ്ഥാപിക്കുന്നതിന് കൊച്ചിയിൽ നിന്ന് നിരവധി ആളുകളാണ് അധികൃതരുമായി ബന്ധപ്പെടുന്നത്. സ്വകാര്യവ്യക്തികളാണ് കൂടുതലും.

അഞ്ചു വർഷം, 30 വർഷത്തെ വളർച്ച

കേരളത്തിൽ പൂവരശ്, പുന്ന, ആറ്റുവഞ്ചി, കുടംപുളി, മാവ്, അശോകം, പ്ലാവ് തുടങ്ങിയവയാണ് നടുക. പക്ഷികൾക്കായി പഴവർഗത്തിൽപ്പെട്ട വൃക്ഷങ്ങളുമുണ്ടാകും. ഒരു ചതുരശ്ര മീറ്ററിൽ 60 സെന്റീമീറ്റർ ഉയരത്തിലുള്ള 4 ചെടികൾ വീതമുണ്ടാകും. മണ്ണ്, ചാണകം, ചകിരിച്ചോർ, ഉമി എന്നിവയാണ് വളമായി നൽകുക. അഞ്ച് വർഷം കൊണ്ട് മരങ്ങൾ 30 വർഷത്തെ വളർച്ച നേടും.

മിയാവാക്കി

സസ്യശാസ്ത്രജ്ഞനും ജപ്പാനിലെ യോക്കോഹോമ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ എമറിറ്റസ് പ്രൊഫസറുമായ പ്രൊഫ. ഡോ. അകിരാ മിയാവാക്കിയുടെ ആശയം. മിയാവാക്കിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലായി നാലു കോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പ്രൊഫ. മിയാവാക്കിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്ന ആയിരക്കണക്കിന് വ്യക്തികളും സംഘടനകളുമുണ്ട്.