യുവാവിനെ തട്ടിക്കൊണ്ടു പോകൽ: മയക്കുമരുന്ന് വില്പനക്കാരൻ അറസ്റ്റിൽ
കോലഞ്ചേരി: ഇന്ദ്രാഞ്ചിറ ഭാഗത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ മയക്കുമരുന്ന് വില്പനക്കാരനായ യുവാവ് അറസ്റ്റിൽ. കിഴക്കമ്പലം താമരച്ചാൽ വിലങ്ങ് കാച്ചപ്പിള്ളി വീട്ടിൽ ഇർവിൻ ബേബി (22) യെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേർ നേരത്തേ പിടിയിലായിരുന്നു. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
കാർ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെങ്ങോല സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം വിവിധ ഇടങ്ങളിൽ താമസിപ്പിച്ച് മർദ്ദിക്കുകയായിരുന്നു.
ഇർവിനെ പിടികൂടുമ്പോൾ 42 ഗ്രാം കഞ്ചാവും 12 ഗ്രാം കഞ്ചാവ് ഓയിലും കൈവശമുണ്ടായിരുന്നു. ഇയാൾക്കെതിരെ തടയിട്ടപ്പറമ്പ്, തൃക്കാക്കര, തോപ്പുംപടി എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുണ്ട്. ഇൻസ്‌പെക്ടർ ടി. ദിലീഷ്, എസ്.ഐമാരായ കെ.സജീവ്, സി.ഒ. സജീവ്, എ.എസ്.ഐ മനോജ് കുമാർ, എസ്. സി.പി. ഒമാരായ ബി.ചന്ദ്രബോസ്, പി.ആർ. അഖിൽ, ഡിനിൽ ദാമോധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.