സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം ഒഴിവാക്കണം: എ.കെ.ജി.എസ്.എം.എ

Monday 09 January 2023 3:45 AM IST

കൊച്ചി: സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം ഒഴിവാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇറക്കുമതിച്ചുങ്കം ഏറെ കൂടുതലായതിനാൽ കള്ളക്കടത്ത്, സമാന്തര സമ്പദ്‌വ്യവസ്ഥ, ഹവാല തുടങ്ങിയ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ്. നിയമാനുസൃതം പ്രവർത്തിക്കുന്നതും പരമ്പരാഗതവുമായ സ്വർണവ്യാപാര മേഖലയ്ക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇത് ഒരുപോലെ തിരിച്ചടിയാണ്.

ഇറക്കുമതിച്ചുങ്കവും ജി.എസ്.ടിയും മറ്റ് തീരുവകളും ചേരുമ്പോൾ നിലവിൽ മൊത്തം നികുതിബാദ്ധ്യത 18.45 ശതമാനമാണ്. ഒരുകിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ ഏഴ് ലക്ഷത്തിലേറെ രൂപയാണ് ലാഭം. ഇറക്കുമതിച്ചുങ്കം എടുത്തുകളയാതെ ഇത് തടയാനാവില്ല. ജി.എസ്.ടിക്ക് മുമ്പുള്ള വാറ്റ് കുടിശിക എഴുതിത്തള്ളണം. മോഷണ സ്വർണത്തിന്റെ പേരിൽ വ്യാപാരികളിൽ നിന്ന് പൊലീസ് അന്യായ റിക്കവറി നടത്തുന്നത് അവസാനിപ്പിക്കണം.

എഫ്.ഐ.ആറിന്റെ കോപ്പി, മോഷ്‌ടാവിന്റെ കുറ്റസമ്മത മൊഴിയുടെ പകർപ്പ്, ശാസ്ത്രീയ അന്വേഷണം എന്നിവയില്ലാതെ സ്വർണവ്യാപാരികളിൽ നിന്ന് റിക്കവറി നടത്തുന്നത് സംശയാസ്പദമാണ്. റിക്കവറി സംബന്ധിച്ച് സർക്കാർ മാനദണ്ഡം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

രക്ഷാധികാരി ബി.ഗിരിരാജൻ യോഗം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് പ്രസിഡന്റ് പി.കെ.അയമുഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി.കൃഷ്‌ണദാസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement