ബിരിയാണി കഴിച്ച കുട്ടികൾ ചികിത്സ തേടി, സ്കൂളിൽ ഭക്ഷ്യവിഷബാധ

Monday 09 January 2023 12:49 AM IST

പത്തനംതിട്ട : കൊടുമൺ ചന്ദനപ്പള്ളിയിലെ റോസ് ഡെയ്ൽ സ്കൂൾ വാർഷികാഘോഷത്തിന് വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ച അദ്ധ്യാപികയും കുട്ടികളും ഉൾപ്പെടെ 17പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നാല് കുട്ടികൾ ഒഴികെ ആശുപത്രി വിട്ടു. കൊടുമണ്ണിലെ കാരമെൽ സ്റ്റോറീസ് എന്ന ഹോട്ടലിൽ നിന്ന് എത്തിച്ച ചിക്കൻ ബിരിയാണിയിൽ നിന്നാണ് വിഷബാധയേറ്റത്. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ എത്തിച്ച ബിരിയാണി രാത്രി എട്ടര വരെ വിതരണം ചെയ്തിരുന്നു. 350 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 200 ബിരിയാണി എത്തിച്ചിരുന്നു. വൈകിട്ട് വീട്ടിൽ കൊണ്ടുപോയി കഴിച്ചവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

ഹോട്ടൽ ലൈസൻസിയുടെ ജോലിക്കാരന്റെ രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിൽ വച്ചാണ് ബിരിയാണി തയ്യാറാക്കിയത്. വർഷങ്ങൾക്ക് മുൻപ് തൊഴുത്തായി ഉപയോഗിച്ചിരുന്ന ഷെഡിൽ വൃത്തിഹീനമായ സ്ഥലത്താണ് ബിരിയാണി ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ഇതും ഹോട്ടലും ഉദ്യോഗസഥർ പൂട്ടിച്ചു.

ജില്ലയിൽ ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകളും ഭക്ഷ്യധാന്യപ്പൊടി വിൽക്കുന്ന ഒരു കടയും അടച്ചു പൂട്ടാൻ നിർദേശം നൽകി. വൃത്തിയില്ലാത്തതും ലൈസൻസ് ഇല്ലാത്തതുമായ സ്ഥാപനങ്ങളാണിതെല്ലാം. പരിശോധനയ്ക്ക് ഫുഡ് സേഫ്റ്റി ഒാഫീസർമാരാർ ആർ.അസീം, പ്രശാന്ത് കുമർ എന്നിവർ നേതൃത്വം നൽകി.