തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് 12-ന് പുറപ്പെടും

Monday 09 January 2023 12:51 AM IST

പന്തളം : മകരവിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര 12ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. എല്ലാവർഷവും ധനു ഇരുപത്തിയെട്ടിനാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ശബരിമലയിലേക്ക് പുറപ്പെടുന്നത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ വൃശ്ചികം ഒന്നുമുതൽ ദർശനത്തിനുവച്ചിരുന്ന തിരുവാഭരണങ്ങൾ 12ന് പുലർച്ചെ നാലിന് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങും. 4.30 മുതൽ വലിയകോയിക്കൽ ക്ഷേത്ര സോപാനത്തിൽ ദർശനത്തിന് വയ്ക്കും. 11.30 ന് പന്തളം വലിയ തമ്പുരാൻ മകയിരംനാൾ രാഘവവർമ്മ രാജ പരിവാരസമേതം ക്ഷേത്രത്തിലേക്ക് എത്തും. പ്രത്യേക പൂജകൾക്കായി ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നട അടയ്ക്കും, പൂജകൾക്ക് ശേഷം പേടകങ്ങൾ മൂന്നും അടയ്ക്കും. മേൽശാന്തി പൂജിച്ചു നൽകുന്ന ഉടവാൾ രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ്മയ്ക്ക് കൈമാറും. ഒരു മണിക്ക് കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പേടകങ്ങൾ ശിരസിലേറ്റും. രാജപ്രതിനിധി പല്ലക്കിൽ ഘോഷയാത്രയെ നയിക്കും.

ഇരുമുടികെട്ടുമായി നൂറുകണക്കിന് അയ്യപ്പൻമാരും ദേവസ്വം ബോർഡ് അധികൃതരും പൊലീസും ഘോഷയാത്രയ്ക്ക് ആദ്യാവസാനം അകമ്പടി സേവിക്കും. അന്ന് വൈകിട്ട് പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും. 13ന് രാത്രി ളാഹ വനം വകുപ്പ് സത്രത്തിൻ ക്യാമ്പ് ചെയ്യും. പതിനാലിന് പുലർച്ചെ പുറപ്പെടുന്ന സംഘം നീലിമല കയറി സന്നിധാനത്തേക്ക് പോകും. രാജപ്രതിനിധി പമ്പയിൽ എത്തി വിശ്രമിക്കും. മകരം മൂന്നിന് അദേഹം സന്നിധാനത്തേക്ക് പോകും. ഘോഷയാത്ര ശരംകുത്തിയിൽ എത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. പതിനെട്ടാം പടി കയറിയെത്തുന്ന സംഘത്തിൽ നിന്ന് ക്ഷേത്ര സോപാനത്തിൽവച്ച് മേൽശാന്തി തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിൽ ചാർത്തും.