മിന്നിത്തിളങ്ങിയ റിസ്‌വാന് കണ്ണീരായി പിതൃവിയോഗം,​ സന്തോഷ് ട്രോഫിക്കായി കളിച്ചത് ഉപ്പ പോയതറിയാതെ

Monday 09 January 2023 12:32 AM IST

കോഴിക്കോട് : ഇന്നലെ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ മിസോറാമിനെ തോൽപ്പിച്ചതിന്റെ ആഹ്ളാദനൃത്തം തുടങ്ങുമ്പോഴാണ് കേരളത്തിന്റെ താരം റിസ്‌വാൻ അലിയെത്തേടി ആ വാർത്ത എത്തിയത് ; തന്നെ കളിക്കളത്തിലേക്ക് കൈപിടിച്ചുനടത്തിയ പിതാവ് വിടവാങ്ങിയിരിക്കുന്നു. താനൊരു ഫുട്ബാൾ താരമാകണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന പിതാവിന്റെ വിയോഗവാർത്ത ആ വിജയമുഹൂർത്തത്തെ കണ്ണീരിലാഴ്ത്തി.

മകന്റെ മത്സരം മൊബൈലിൽ കണ്ടുകൊണ്ടിരിക്കേ, ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കാസർകോട് തൃക്കരിപ്പൂർ വൽവക്കാട് സ്വദേശി വി.പി. മുഹമ്മദാലി (62) കുഴഞ്ഞുവീണ് മരിച്ചത്. എന്നാൽ റിസ്‌വാനെ കളി കഴിഞ്ഞശേഷം മാത്രം അറിയിച്ചാൽ മതിയെന്ന് കുടുംബം തീരുമാനിച്ചു. കാരണം റിസ്‌വാൻ കേരളത്തിനായി കളിക്കുന്നത് മുഹമ്മദലി അത്രയേറെ ആഗ്രഹിച്ചിരുന്നു. കളം നിറഞ്ഞ് കളിച്ച റിസ്‌വാൻ ഗോളടിച്ചില്ലെങ്കിലും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കളി കഴിഞ്ഞ് വിവരമറിഞ്ഞ റിസ്‌വാൻ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ കൂട്ടുകാർ ഏറെ പ്രയാസപ്പെട്ടു. രാത്രി പതിനൊന്നു മണിയോടെ വീട്ടിലെത്തി.

ഇത്തവണ സന്തോഷ് ട്രോഫിയിലെ ആദ്യമത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ പിതാവിനെക്കുറിച്ച് റിസ്‌വാൻഅലി വൈകാരികമായ പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ വളർച്ചയിൽ പിതാവിനുള്ള പങ്ക് അതിൽ എടുത്തുപറഞ്ഞിരുന്നു.

റിസ്‌വാൻ അലിയുടെ ഡിസംബർ 22ലെ ഫേസ് ബുക്ക് പോസ്റ്റ്

അൽഹംദുലില്ലാഹ്..!
ഞാൻ ഫുട്ബോൾ കളിക്കാൻ കാരണമായ എന്റെ ഉപ്പയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിക്കുക എന്നത്. പതിനാറാം വയസ്സിൽ അതിന്റെ ക്യാമ്പ് വരെ എത്തിയെങ്കിലും ആഗ്രഹം പൂർത്തീകരിക്കാനുള്ള ഭാഗ്യം അന്ന് എനിക്കുണ്ടായില്ല. പിന്നീട് വീണ്ടും ബംഗാളിനും കേരളത്തിനും കളിക്കാനുള്ള അവസരം ലഭിച്ചിട്ടും ഭാഗ്യം തുണച്ചില്ല. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഈ തവണത്തെ കേരള സന്തോഷ് ട്രോഫി ടീമിന്റെ ജേഴ്സി അണിയാനുള്ള അവസരം ലഭിച്ചതിൽ ഞാനും എന്നേക്കാളെറെ എന്റെ ഉപ്പയും അതിയായ സന്തോഷത്തിലാണ്...

Advertisement
Advertisement