തരൂർ വിവാദങ്ങളുടെ തുടർച്ച,​ എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ. സുരേഷ് രാജിവച്ചു

Monday 09 January 2023 12:36 AM IST

കോട്ടയം: മന്നം ജയന്തി സമ്മേളന ഉദ്ഘാടകനായി ഡോ. ശശി തരൂർ എം.പി എത്തിയതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളുടെ തുടർച്ചയായി എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ. സുരേഷ് രാജി നൽകി. രാജിയെക്കുറിച്ച് എൻ.എസ്.എസ് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല. എന്നാൽ, ശനിയാഴ്ച താൻ രാജിവച്ചതായി സുരേഷ് അറിയിച്ചു. രാജി സ്വീകരിച്ച ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രജിസ്ട്രാറുടെ ചുമതലകൂടി ഏറ്റെടുത്തു.

'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടു കൂട" എന്ന തരൂരിന്റെ വിവാദ പരാമർശം വേദിയിലിരിക്കേ തന്നെ വാർത്തയായത് സുകുമാരൻനായരെ തരൂർ മൊബൈൽ ഫോണിൽ കാണിക്കുമ്പോൾ പിന്നിൽനിന്ന് സുരേഷ് എത്തിനോക്കുന്ന ഫോട്ടോയായിരുന്നു പല പത്രങ്ങളിലും വന്നത്. ഇതിന് പിന്നിൽ സുരേഷിന്റെ പ്രത്യേക താത്പര്യമെന്ന ആരോപണം ഉയർന്നിരുന്നു. സുരേഷ് അടുത്ത ജനറൽ സെക്രട്ടറി എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണത്തിന് പിന്നിലും സുരേഷാണെന്ന് പല ഡയറക്ടർ ബോർഡ് അംഗങ്ങളും ജനറൽ സെക്രട്ടറിയെ ധരിപ്പിച്ചതോടെ സുകുമാരൻ നായർ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഒരു സീനിയർ ഡയറക്ടർ ബോർഡംഗം 'കേരളകൗമുദി"യോട് പറഞ്ഞത്. ഒന്നുകിൽ രാജി അല്ലെങ്കിൽ പുറത്താക്കൽ ഇതിലേതും സ്വീകരിക്കാമെന്ന് നേതൃത്വം സുരേഷിനെ അറിയിച്ചതായാണ് വിവരം.